മുംബൈ: വിവാഹശേഷമുള്ള നിർബന്ധിത ലൈംഗികബന്ധം കുറ്റകരമല്ലെന്ന നിരീക്ഷണവുമായി മുംബൈ കോടതി. മുംബൈ അഡീഷണൽ സെഷൻസ് ജഡ്ജി സഞ്ജശ്രീ ജെ ഗാരട്ടിേന്റതാണ് നിരീക്ഷണം. ഭർത്താവ് നിർബന്ധിത ലൈംഗിക ബന്ധത്തിലേർപ്പെട്ടുവെന്ന് കാണിച്ച് യുവതി നൽകിയ കേസിലാണ് കോടതി നിരീക്ഷണം. ഭർത്താവ് നിയമവിരുദ്ധമായ ഒന്നും ചെയ്തില്ലെന്നായിരുന്നു കേസ് പരിഗണിക്കുന്നവേളയിൽ കോടതി നിരീക്ഷണം.
നവംബർ 22നാണ് യുവതി വിവാഹിതയായത്. തുടർന്ന് ഭർത്താവിന്‍റെ കുടുംബം തനിക്ക് മേൽ നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെന്ന് യുവതി ഹരജിയിൽ പറയുന്നു. ഇതിനിടെയാണ് ഭർത്താവ് സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിലേർപ്പെട്ടത്. പിന്നീട് മഹാബലേശ്വർ യാത്രക്കിടയിലും ഭർത്താവ് ഇത് തന്നെ ആവർത്തിച്ചു. പിന്നീട് ശാരീരികമായ അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ഇവർ ഡോക്ടറെ കാണുകയായിരുന്നു. ഡോക്ടർ നടത്തിയ പരിശോധനയിൽ ഇവർക്ക് അരക്ക് താഴെ തളർച്ച ബാധിച്ചതായി കണ്ടെത്തി.
തുടർന്ന് യുവാവിനെതിരേയും കുടുംബത്തിനെതിരേയും പൊലീസിൽ പരാതി നൽകി. സ്ത്രീധന പീഡനം ആരോപിച്ചായിരുന്നു കുടുംബാംഗങ്ങൾക്കെതിരെ പരാതി നൽകിയത്. എന്നാൽ, യുവതിയുടെ ആരോപണങ്ങൾ തെറ്റാണെന്നും തങ്ങളെ കള്ളക്കേസിൽ കുടുക്കാനാണ് ശ്രമമെന്നും ഭർത്താവിന്‍റെ കുടുംബാംഗങ്ങൾ വാദിച്ചു. യുവതിയോട് എത്ര തുകയാണ് സ്ത്രീധനമാവശ്യപ്പെട്ടതെന്ന് വ്യക്തമായിട്ടില്ലെന്നും നിർബന്ധിത ലൈംഗികബന്ധം കോടതിയിൽ നിലനിൽക്കില്ലെന്നും ജഡ്ജി വ്യക്തമാക്കി. അതിനാൽ യുവതിയുടെ ഭർത്താവിനേയും കുടുംബാംഗങ്ങളേയും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നായിരുന്നു കോടതി നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.