ശോഭ കാറന്ത്ലാജെ, ശേഖർ, പി.രാജീവ്

ആർ.എസ്.എസ് ആസ്ഥാന മ്യൂസിയത്തിൽ ദലിത് അയിത്തം: വിവാദം കൊഴുക്കുന്നു

ബംഗളൂരു: നാഗ്പൂരിലെ ആർ.എസ്.എസ് ആസ്ഥാനത്തെ ഹെഗ്ഡെവാർ മ്യൂസിയത്തിലെ ദലിത് അയിത്തവുമായി ബന്ധപ്പെട്ട വിവാദം കൊഴുക്കുന്നു. വിവേചനം ഇല്ലെന്ന് അവകാശപ്പെടുന്ന

ബി.ജെ.പി നേതാക്കൾ അവിടത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവിടാൻ സന്നദ്ധമാവുമോ എന്ന വെല്ലുവിളിയുമായി പാർട്ടി മുൻ മന്ത്രി ഗൂലിഹട്ടി ശേഖറിന്റെ രണ്ടാമത്തെ ശബ്ദസന്ദേശം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു.

മ്യൂസിയത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് പട്ടികജാതിക്കാരനായതിനാൽ തന്നെ തടഞ്ഞിരുന്നതായി ഇദ്ദേഹം നേരത്തെ നടത്തിയ വെളിപ്പെടുത്തൽ നിഷേധിച്ച് ആർ.എസ്.എസ്, ബി.ജെ.പി നേതാക്കൾ രംഗത്ത് വന്ന സാഹചര്യത്തിലാണ് വെല്ലുവിളി.

കർണാടക നിയമസഭ പ്രതിപക്ഷ നേതാവ് ആർ. അശോക്, സുരേഷ് കുമാർ, മുൻ എം.എൽ.എ കുഡച്ചി രാജീവ് എന്നിവരെ സംബോധന ചെയ്താണ് രണ്ടാമത്തെ ശബ്ദ സന്ദേശം. ബി.ജെ.പി ദേശീയ ഓർഗനൈസിങ് ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷിനെ സംബോധന ചെയ്ത് ശേഖർ നേരത്തെ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ട ശബ്ദസന്ദേശത്തിൽ കഴിഞ്ഞ കർണാടക നിയമസഭ തെരഞ്ഞെടുപ്പിന് മൂന്ന് മാസം മുമ്പ് ആർ.എസ്.എസ് ആസ്ഥാനത്ത് പോയ അനുഭവമാണ് പറഞ്ഞിരുന്നത്.

റജിസ്റ്ററിൽ വ്യക്തി വിവരങ്ങൾ രേഖപ്പെടുത്തിയ ശേഷമാണ് ഹെഗ്ഡെവാർ മ്യൂസിയത്തിൽ പ്രവേശിക്കേണ്ടത്. താൻ പട്ടിക ജാതിക്കാരനാണെന്ന കാര്യം രജിസ്റ്ററിൽ രേഖപ്പെടുത്തിയിരുന്നു. ദലിതർക്ക് പ്രവേശനം ഇല്ലെന്ന് അറിയിച്ച് ജീവനക്കാർ തന്നെ തടഞ്ഞ് തിരിച്ചയച്ചു. ഒപ്പമുണ്ടായിരുന്ന മോഹൻ വൈദ്യ, മഞ്ജു എന്നിവരെ കടത്തി വിടുകയും ചെയ്തു. ചിത്രദുർഗ എം.പി നാരായണ സ്വാമി, ഗോവിന്ദ് കർജോൾ എന്നിവർക്കും പ്രവേശം ലഭിച്ചു എന്നാണ് താൻ കരുതുന്നത് എന്നാണ് ശേഖർ ആരോപിച്ചിരുന്നത്.

അതേസമയം നാഗ്പൂരിലെ കേശവ് ബലിറാം ഹെഗ്ഡെവാർ മ്യൂസിയത്തിൽ പ്രവേശിക്കുന്നത് ദലിതനായതിനാൽ തടഞ്ഞെന്ന ശേഖറിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് ആർ.എസ്.എസ് കർണാടക ചാപ്റ്റർ വാർത്ത കുറിപ്പിൽ അറിയിച്ചിരുന്നു. ‘ശേഖർ പറയുന്നതുപോലെ മ്യൂസിയത്തിലോ കാര്യാലയത്തിലോ റജിസ്റ്റർ ഇല്ല. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മൂന്ന് മാസം മുമ്പ് നാഗ്പൂരിൽ അങ്ങിനെ അനുഭവം ഉണ്ടായെങ്കിൽ ഏതെങ്കിലും ആർ.എസ്.എസ് നേതാവിനോട് പറയായാമായിരുന്നു. പത്ത് മാസം കഴിഞ്ഞ് നടത്തിയ പ്രസ്താവന അതിശയകരമായിരിക്കുന്നു. നാഗ്പൂർ മ്യൂസിയം ഉൾപ്പെടെ കാര്യാലയ കവാടങ്ങൾ ആർക്കും നേരെ അടച്ചിടാറില്ല. ഏവരേയും സ്വാഗതം ചെയ്യുന്നതാണ്’ -പത്രക്കുറിപ്പിൽ പറഞ്ഞു.

ബി.ജെ.പിയിലെ വിവേചനം ആ പാർട്ടിയിൽ പ്രവർത്തിച്ച കാലത്ത് താൻ ഏറെ അനുഭവിച്ചിട്ടുണ്ടെന്ന് ആംആദ്മി പാർട്ടി കർണാടക അധ്യക്ഷൻ മുഖ്യമന്ത്രി ചന്ദ്രു പറഞ്ഞു. നിർണായക യോഗങ്ങളിൽ ക്ഷണിക്കുകയോ തീരുമാനങ്ങളിൽ പങ്കാളിയാക്കുകയോ ചെയ്തിരുന്നില്ല. ശേഖറിന്റെ അവസ്ഥ അതിന്റെ അനുബന്ധം മാത്രമാണ് -അദ്ദേഹം പറഞ്ഞു.

മുൻ ഹൊസദുർഗ ബി.ജെ.പി എം.എൽ.എ കൂടിയായ ശേഖറിനെതിരെ ഉഡുപ്പി-ചിക്കമംഗളൂരു എം.പിയും കേന്ദ്ര മന്ത്രിയുമായ ശോഭ കാറന്ത്ലാജെ രംഗത്ത് വന്നു. രാജ്യത്തെ എല്ലാ വിഭാഗങ്ങൾക്കിടയിലും തുല്യതയും ഐക്യവുമാണ് ആർ.എസ്.എസ് ലക്ഷ്യം എന്ന് അവർ അവകാശപ്പെട്ടു. ശേഖർ ആർ.എസ്.എസിനെ തെറ്റായാണ് മനസ്സിലാക്കിയത്. അദ്ദേഹം സംഘിലേക്ക് വരട്ടെ -മന്ത്രി പറഞ്ഞു. മദ്യപാനിയുടെ വർത്തമാനം അവജ്ഞയോടെ തള്ളണമെന്ന് ബി.ജെ.പി മുൻ എം.എൽ.എ പി. രാജീവ് പറഞ്ഞു.

Tags:    
News Summary - Former BJP MLA Goolihatti Shekar reiterates he faced insult for being Dalit in Nagpur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.