മുൻമന്ത്രി രമാനാഥ റൈ കൊലക്കേസിൽ നീതി തേടി കാനത്തൂർ ദേവസ്ഥാനത്ത്

മംഗളൂരു: ദക്ഷിണ കന്നട ജില്ല ചുമതല വഹിച്ച മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ബി. രമാനാഥ റൈ താൻ പ്രതിയായ കൊലക്കേസിൽ നീതി തേടി കാസർക്കോട് കാനത്തൂർ നാൽവർ ദേവസ്ഥാനത്തെത്തി. തന്‍റെ തട്ടകമായ ബണ്ട്വാൾ മണ്ഡലത്തിലെ ബി.സി. റോഡിൽ കഴിഞ്ഞ ജുലൈ നാലിന് ആർ.എസ്.എസ് പ്രവർത്തകൻ ശരത് മഡിവാല (28) കൊല്ലപ്പെട്ട കേസിലാണ് ഇദ്ദേഹം പ്രതിയായത്. കൊലപാതകത്തിൽ റൈക്ക് പങ്കുണ്ടെന്ന് ആരോപിച്ച് ശരതിന്‍റെ പിതാവ് താനിയപ്പ മഡിവാലയാണ് പരാതി നൽകിയത്.

കർണാടകയിൽ ഏറെ കോളിളക്കമുണ്ടാക്കുകയും സംഘ്പരിവാർ നന്നായി ഉപയോഗിക്കുകയും ചെയ്ത കൊലപാതകമായിരുന്നു അത്. ബി.സി. റോഡിൽ പിതാവിന്‍റെ അലക്ക് കടയിൽ ജോലി ചെയ്യുകയായിരുന്ന ശരതിനെ രാത്രി എട്ടോടെ മാരുതി വാനിൽ എത്തിയ സംഘം വെട്ടിപരുക്കേൽപ്പിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കിടന്ന യുവാവ് അടുത്ത ദിവസം മരിച്ചു. മൃതദേഹം വഹിച്ച് സംഘ്പരിവാർ നിരോധനാജ്ഞ ലംഘിച്ച് നടത്തിയ വിലാപയാത്രയെ തുടർന്ന് കല്ലടുക്ക മേഖലയിൽ സാമുദായിക അക്രമങ്ങൾ അരങ്ങേറിയിരുന്നു. മാസത്തിലേറെ നീണ്ട കർഫ്യു സമാന നിരോധനാജ്ഞ കാരണം ജനങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയുണ്ടായി.

രാമനാഥ റൈയെ ഹിന്ദുവിരുദ്ധനും ന്യൂനപക്ഷ പ്രീണകനുമായി സംഘ്പരിവാർ നടത്തിയ പ്രചാരണം കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ലക്ഷ്യം കണ്ടിരുന്നു. ആറ് തവണ വിജയിച്ച ബണ്ട്വാൾ മണ്ഡലത്തിൽ അദ്ദേഹം ബി.ജെ.പി സ്ഥാനാർഥിയോട് തോറ്റു. കർണാടകയിൽ കോൺഗ്രസ് പങ്കാളിത്ത തുടർഭരണവും കോടതിയുമുണ്ടായിട്ടും കേസിൽ തീർപ്പുണ്ടാക്കാൻ ദേവസ്ഥാനത്ത് അഭയം തേടിയ മുൻമന്ത്രിക്ക് കോൺഗ്രസ് പിന്തുണയുണ്ട്. ദക്ഷിണ കന്നട ജില്ല പഞ്ചായത്ത് അംഗം ചന്ദ്രപ്രകാശ് ഷെട്ടി തുമ്പെ, ബി. പത്മശേഖർ ജയിൻ, ഡി.സി.സി. വൈസ്പ്രസിഡണ്ട് ബേബി കുണ്ടാർ, കെ. മഹില്ലപ്പ സാലിയൻ എന്നിവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

താൻ കുറ്റവാളിയാണെങ്കിൽ ശിക്ഷിക്കണം. ഇല്ലെങ്കിൽ മുക്തനാക്കണം എന്ന് റൈ ദേവസ്ഥാനം അധിപരോട് അഭ്യർഥിച്ചു. നിരപരാധിയാണ് താൻ. പരാതിക്കാരനെയും കേട്ട് തീർപ്പുണ്ടാക്കിത്തരണം-റൈ വണങ്ങി, മടങ്ങി. പല തലത്തിൽ തീർപ്പാവാത്ത കേസുകൾ ബന്ധപ്പെട്ട എല്ലാവരുമായി സംസാരിച്ച് തീർപ്പാക്കുന്ന അഭയ സ്ഥാനമാണ് കാനത്തൂരിലേത്.


 

Tags:    
News Summary - Former Karnataka Minister Ramanath Rai visit Kasaragod Kanathoor Nalvar Devasthanam -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.