ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബി.സി.സി.ഐ പ്രസിഡന്‍റുമായ സൗരവ് ഗാംഗുലിക്ക് ഹൃദയാഘാതം ഉണ്ടായതിനെതുടർന്ന് സമൂഹമാധ്യമത്തിൽ വൻ വിമർശനവും പരിഹാസവും നേരിട്ട ഫോർച്യൂൺ റൈസ് ബ്രാൻ ഓയിലിന്‍റെ പരസ്യം പിൻവലിച്ചു.
ഓയിലിന്‍റെ പരസ്യത്തിൽ ഗാംഗുലി അഭിനയിച്ചിരുന്നു. ഓയിൽ ഉപയോഗിച്ചാൽ ഹൃദയത്തെ ആരോഗ്യപരമായി നിലനിർത്താമെന്ന് പരസ്യത്തിൽ ഗാംഗുലി പറഞ്ഞിരുന്നു. ഇതിനിടെയാണ് ഗാംഗുലിക്ക് ഹൃദയാഘാതമുണ്ടായതും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതും. തുടർന്ന് സമൂഹ മാധ്യമങ്ങളിൽ പരസ്യം വ്യാപകമായി പരിഹസിക്കപ്പെട്ടിരുന്നു.
നിരവധി ട്രോളുകളാണ് പുറത്തുവന്നത്. ഒയിൽ വാങ്ങാൻ ജനങ്ങളെ ഉപദേശിക്കുന്ന ആളുടെ ഹൃദയം പോലും ആരോഗ്യത്തോടെ നിലനിർത്താൻ കമ്പനിക്ക് കഴിഞ്ഞില്ലല്ലോ എന്നുള്ള ചോദ്യങ്ങളാണ് സമൂഹമാധ്യമത്തിൽ ഉയരുന്നത്. വിമർശനം ശക്തമായതോടെയാണ് ഓയിലിന്‍റെ പരസ്യം പിൻവലിക്കാൻ ഉടമകളായ അദാനി വിൽമർ തീരുമാനിച്ചത്.
കൊൽക്കത്തയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച 48 കാരനായ ഗാംഗുലിയെ ശനിയാഴ്ച ആന്ജിയോപ്ലാസ്‌റ്റിക്ക് വിധേയമാക്കിയിരുന്നു. ആരോഗ്യനില വീണ്ടെടുത്ത അദ്ദേഹത്തെ ബുധനാഴ്ച ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. 'അദ്ദേഹം ഇപ്പോൾ ആരോഗ്യവാനാണ്. ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. പ്രയാസങ്ങളില്ല' ഗാഗുലിയെ ചികിത്സിക്കുന്ന മെഡിക്കൽ ബോർഡിലെ അംഗമായ ഡോ. ബസു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.