പിടിയിലായ പ്രതികൾ

ഡിജിറ്റൽ അറസ്റ്റ്, പാർട്ട് ടൈം ജോലി; 53 ലക്ഷത്തിന്‍റെ ഓൺലൈൻ തട്ടിപ്പ് നടത്തിയ സംഘം പിടിയിൽ

നാഗർകോവിൽ: ഡിജിറ്റൽ അറസ്റ്റ്, പാർട്ട് ടൈം ജോബ് എന്നിവയുടെ പേരിൽ 53 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ നാല് പേരെ കന്യാകുമാരി ജില്ല സൈബർ ക്രൈംവിഭാഗം മഹാരാഷ്ട്രയിൽ നിന്ന് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര സ്വദേശികളായ അതുൽ വിലാസ് (27), മോരേഷ് വർ (43), തൗഫിക് ഖാലിദ് സിദ്ദിഖ് (38), രംസാൻ മസ്തൂർ ഷേക് (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ നാഗർകോവിലിൽ എത്തിച്ച് കോടതിയിൽ ഹാജരാക്കിയ ശേഷം ജയിലിൽ അടച്ചു.

നാഗർകോവിൽ സ്വദേശിയായ ഒരാളിൽ നിന്ന് ഡിജിറ്റൽ അറസ്റ്റിൻ്റെ പേരിൽ ഏഴ് ലക്ഷം രൂപയാണ് തട്ടിയത്. അക്കൗണ്ട്, ഐ.ഡി എന്നിവ ഉപയോഗിച്ച് കള്ളപ്പണം കൈമാറൽ,  മയക്കുമരുന്ന് കടത്തൽ എന്നിവ നടത്തിയതായി ഫോൺ വിളിച്ച് അറിയിക്കുകയായിരുന്നു. സി.ബി.ഐ, മുംബൈ പൊലീസ്, ആർ.ബി.ഐ, എൻഫോഴ്സ്മെൻ്റ് എന്നിരുടെ പേരിലായിരുന്നു ഫോൺ വിളികൾ. അക്കൗണ്ടിലുണ്ടായിരുന്ന ഏഴ് ലക്ഷം ആർ.ബി.ഐ അക്കൗണ്ടിൽ പരിശോധനയ്ക്ക് അയക്കാൻ പറഞ്ഞു. അരമണിക്കൂർ കഴിഞ്ഞ് തിരികെ അയക്കാം എന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. 

പാർട്ട്ടൈം ജോലിയുടെ പേരിൽ ടാസ്കുകൾ നൽകിയും സംഘം തട്ടിപ്പ് നടത്തി. ആളുകളെ ടെലിഗ്രാം ഗ്രൂപ്പിൽ ചേർത്ത് ടാസ്കുകൾ നൽകലായിരുന്നു രീതി. ആദ്യം ചെറിയ തുകകൾ ഇരക്ക് ലഭിച്ചതായി വിഷ്വൽ അകൗണ്ട് കാണിക്കും. തുടർന്ന് ടെലിഗ്രാം ഗ്രൂപ്പിലുള്ളവർ തങ്ങൾക്ക് ലക്ഷങ്ങൾ കിട്ടിയ വിവരം കാണിക്കുകയും നന്ദി പ്രകടിപ്പിക്കുകയും ചെയ്യും. ഇങ്ങനെ ഒരുലക്ഷം മുടക്കിയാൽ രണ്ട് ലക്ഷം ലഭിക്കും തുടങ്ങിയ വാഗ്ദാനം നൽകി 46 ലക്ഷം രൂപയാണ് കന്യാകുമാരി ജില്ലക്കാരനിൽ നിന്ന് തട്ടിയത്. 


Tags:    
News Summary - four arrested in Digital arrest, part time job scam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.