ലഖിംപൂര്‍ ഖേരി: ബി.ജെ.പി നേതാവുൾപ്പെടെ നാലുപേർ കൂടി അറസ്റ്റിലായി

ലഖ്​നോ: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനം ഓടിച്ചു കയറ്റി കൊന്ന സംഭവത്തിൽ ബി.ജെ.പി നേതാവുൾപ്പെടെ നാലുപേർ കൂടി അറസ്റ്റിലായി. സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ട പ്രാദേശിക ബി.ജെ.പി നേതാവായ സുമിത് ജയ്സ്വാൾ അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. ഇയാൾ രക്ഷപെടുന്ന വീഡിയോ ദൃശ്യങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു.

സുമിത്തിനെ കൂടാതെ നന്ദൻ സിങ്​ ഭിഷ്​ട്​, ശിശുപാൽ, സത്യപ്രകാശ് ത്രിപാഠി എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ത്രിപാഠിയുടെ പക്കൽ നിന്ന്​ ലൈസൻസുള്ള തോക്കും മൂന്ന്​ ഉണ്ടകളും പിടിച്ചെടുത്തതായി പൊലീസ്​ പറഞ്ഞു. കർഷക സമരക്കാർക്കിടയിലേക്ക് കേന്ദ്രമന്ത്രി അജയ്​ മിശ്രയുടെ മകൻ ആശിഷ്​ മിശ്രയുടെ വാഹനവ്യൂഹം ഇടിച്ചുകയറി നാല് കർഷകർ ഉൾപ്പെടെ എട്ട് പേരാണ് കൊല്ലപ്പെട്ടത്. ഒരു മാധ്യമപ്രവർത്തകനും മരിച്ചിരുന്നു.

കേസിൽ ആശിശ് മിശ്രയെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കേന്ദ്ര മന്ത്രി അജയ് മിശ്രയാണ് ഗൂഡാലോചന നടത്തിയതെന്നാണ്​ കര്‍ഷകരുടെ ആരോപണം.

ലഖിംപൂര്‍ ഖേരി സംഭവത്തിൽ കേന്ദ്ര മന്ത്രി അജയ് മിശ്രക്കെതിരെ നടപടി ആവശ്യപ്പെട്ട് കർഷകർ തിങ്കളാഴ്ച രാജ്യവ്യാപകമായി ട്രെയിനുകൾ തടഞ്ഞ് പ്രതിഷേധിച്ചിരുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മിക്കയിടങ്ങളിലും പ്രതിഷേധം ശക്തമായിരുന്നു. 

Tags:    
News Summary - Four more Including BJP Leader Arrested in Lakhimpur Kheri Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.