യൂനിഫോം ധരിച്ചെത്തുന്ന മുഴുവൻ സ്കൂൾ, കോളജ് വിദ്യാർഥികൾക്കും സൗജന്യയാത്ര; കർശന നിർദേശവുമായി തമിഴ്നാട് സർക്കാർ

2016 മുതൽ സർക്കാർ ബസുകളിൽ സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് സൗജന്യയാത്ര അനുവദിച്ചിട്ടുള്ള സംസ്ഥാനമാണ് തമിഴ്നാട്. സൗജന്യ യാത്രയ്ക്കായി വിദ്യാർഥികൾക്ക് സ്മാർട്ട് പാസുകളും വിതരണം ചെയ്യുന്നുണ്ട്. യാത്രാ സൗജന്യം ആവശ്യമുള്ള മുഴുവൻ വിദ്യാർഥികൾക്കും ജൂലൈ മാസത്തോടെ സ്മാർട്ട് പാസുകൾ വിതരണം ചെയ്യാനാണ് പദ്ധതി. കൊവിഡ് കാരണം സൗജന്യ പാസുകൾ അനുവദിക്കുന്നത് കഴിഞ്ഞ വർഷങ്ങളിൽ മുടങ്ങിയിരുന്നു. ഇതിന് പരിഹാരമായി യൂനിഫോം ധരിച്ചെത്തുന്ന എല്ലാർക്കും സൗജന്യ യാത്ര അനുവദിക്കണമെന്നാണ് സർക്കാർ നിർദേശം നൽകിയിരിക്കുന്നത്.

യൂനിഫോം ധരിച്ചെത്തുന്ന മുഴുവൻ സ്കൂൾ, കോളജ് വിദ്യാർഥികൾക്കും തമിഴ്നാട് ട്രാൻപോർട്ട് കോർപ്പറേഷൻ ബസുകളിൽ സൗജന്യയാത്ര അനുവദിക്കാൻ തമിഴ്നാട് ഗതാഗത വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ഗതാഗത വകുപ്പ് നൽകിയ പാസുമായി എത്തുന്ന വിദ്യാർഥികൾക്കും സൗജന്യയാത്ര ലഭിക്കും. യൂണിഫോമിൽ വരുന്ന കുട്ടികളെയോ പാസുമായി വരുന്ന കുട്ടികൾക്കോ സൗജന്യയാത്ര നൽകിയില്ലെങ്കിൽ കർശന നടപടിയുണ്ടാകുമെന്ന് കണ്ടക്ടർമാർക്ക് മുന്നറിയിപ്പുമുണ്ട്. സ്മാർട്ട് കാർഡ് വിതരണം പൂർത്തിയാകാത്തതുകൊണ്ടാണ് യൂണിഫോം എന്ന മാനദണ്ഡം കൂടി വച്ചത്. ഒരു ദിവസം രണ്ട് സൗജന്യയാത്രയാണ് അനുവദിക്കുക.

1 – 12 ക്ലാസുകളിൽ പഠിക്കുന്ന സ്കൂൾ വിദ്യാർഥികൾക്കും ഗവ. ആർട്സ് ആൻഡ് സയൻസ് കോളജുകളിലും പോളിടെക്നിക്, ഐടിഐ തുടങ്ങിയ സ്ഥാപനങ്ങളിലും പഠിക്കുന്ന വിദ്യാർഥികൾക്കാണ് നിലവിൽ തമിഴ്നാട്ടിൽ യാത്രാ സൗജന്യമുള്ളത്. 2016ൽ ജയലളിത സർക്കാർ ആവിഷ്കരിച്ച പദ്ധതി പിന്നീടുവന്ന സർക്കാരുകളും പിന്തുടരുകയായിരുന്നു. ഏകദേശം 30.14 ലക്ഷം വിദ്യാർഥികൾക്ക് യാത്രാ സൗജന്യത്തിന്റെ പ്രയോജനം ലഭിക്കും.

യാത്രാ സൗജന്യം ലഭിക്കുന്നതിന് ഗതാഗത വകുപ്പ് നൽകുന്ന പാസുകൾ കൈവശമുണ്ടായിരിക്കണമെന്നാണ് നിബന്ധന. പാസുപയോഗിച്ച് വീടുകളിൽ നിന്നു സ്കൂളിലേക്കും തിരിച്ചുമുള്ള യാത്രകളാണ് അനുവദിച്ചിരുന്നത്. എന്നാൽ കോവിഡ് വ്യാപനത്തെ തുടർന്ന് 2020ൽ, പാസുകൾ നൽകുന്നത് ഗതാഗത വകുപ്പ് നിർത്തി വച്ചു. വിദ്യാലയങ്ങൾ തുറന്നപ്പോൾ, സ്കൂൾ യൂനിഫോം ധരിച്ച് ബസുകളിൽ കയറുന്ന കുട്ടികൾക്കും വിദ്യാഭ്യാസ സ്ഥാപനത്തിന്റെ തിരിച്ചറിയൽ കാർഡുകൾ കാണിക്കുന്നവർക്കും സൗജന്യ യാത്ര അനുവദിക്കാൻ ബസ് ജീവനക്കാർക്ക് ഗതാഗത വകുപ്പ് നിർദേശം നൽകുകയായിരുന്നു.

2022 – 2023 വർഷത്തിൽ വിദ്യാർഥികൾക്കു സൗജന്യ യാത്ര അനുവദിച്ചതുമായി ബന്ധപ്പെട്ട് 1300 കോടി രൂപയാണ് തമിഴ്നാട് സർക്കാർ സംസ്ഥാനത്തെ 7 ട്രാൻസ്പോർട്ട് കോർപറേഷനുകൾക്കായി നൽകിയത്. 2023– 2024 വർഷത്തിൽ 1500 കോടി രൂപ കൂടി അധികമായി നൽകും. പാസുകളുടെ വിതരണം പൂർത്തിയാകുന്നതു വരെ പതിവു പോലെ ബസുകളിൽ യാത്ര ചെയ്യാൻ വിദ്യാർഥികളെ അനുവദിക്കും. പാസില്ലാത്തതിന്റെ പേരിൽ ഒരു വിദ്യാർഥിക്കു പോലും സൗജന്യ യാത്ര നിഷേധിക്കില്ലെന്ന് ഗതാഗത വകുപ്പ് അധികൃതർ പറഞ്ഞു.

Tags:    
News Summary - Free bus travel for students in uniform: TN transport dept

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.