ന്യൂഡൽഹി: മുന്‍ രാഷ്ട്രപതി പ്രണബ് കുമാർ മുഖര്‍ജിയുടെ ഭൗതിക ശരീരം സംസ്കരിച്ചു. രണ്ടു മണിയോടെ ലോധിറോഡ് ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. കര്‍ശന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സംസ്കാര ചടങ്ങുകൾ നടന്നത്. രാവിലെ ഒന്‍പതോടെ രാജാജി മാര്‍ഗിലെ പത്താംനമ്പര്‍ ഔദ്യോഗിക വസതിയിൽ പ്രത്യേക വാഹനത്തിൽ എത്തിച്ച ഭൗതിക ശരീരം പൊതുദർശനത്തിന് വെച്ചു.
12 മണിവരെ പൊതുദര്‍ശനത്തിന് വെച്ച ഭൗതിക ശരീരത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ, കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി, ബി.ജെ.പി അധ്യക്ഷൻ ജെ.പി നഡ്ഡ അടക്കമുള്ളവർ ആദരാഞ്ജലികൾ അർപ്പിച്ചു. തുടർന്ന് ലോധിറോഡ് ശ്മശാനത്തിൽ എത്തിച്ച ഭൗതിക ശരീരം പ്രാർഥനാ ചടങ്ങുകൾക്ക് ശേഷം സംസ്കരിച്ചു.
രാജ്യത്ത് ഏഴ് ദിവസം ഔദ്യോഗിക ദുഃഖാചരണം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്തംബര്‍ ആറ് വരെയാണ് ദുഃഖാചരണം. ഈ കാലത്ത് രാജ്യത്തെങ്ങും ദേശീയ പതാക പാതി താഴ്ത്തിക്കെട്ടും.
ഡൽഹി ആർമി റിസർച്ച് ആശുപത്രിയിൽ തിങ്കളാഴ്ച വൈകീട്ട് 5.50 ഓടെയായിരുന്നു ഇന്ത്യയുടെ 13ാത് രാഷ്ട്രപതിയുടെ അന്ത്യം. മകൻ അഭിജിത് മുഖർജിയാണ് മരണ വാർത്ത അറിയിച്ചത്. ആഗസ്റ്റ് 10നായിരുന്നു പ്രണബിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് ആരോഗ്യനില ഗുരുതരമായ അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ഇതിനിടെ, കോവിഡ് പരിശോധന പോസിറ്റീവ് ആകുകയും ചെയ്തതോടെ നില വഷളാവുകയും വെന്‍റിലേറ്ററിലേക്ക് മാറ്റുകയുമായിരുന്നു.
കോൺഗ്രസ് ഭരണത്തിൽ ധനം, വിദേശകാര്യം, പ്രതിരോധം വകുപ്പുകളിലും വിവിധ കാലങ്ങളിൽ മന്ത്രിയായിരുന്നു. ഇന്ദിര ഗാന്ധിയുടെ വിശ്വസ്തൻ, കോൺഗ്രസ് പാർട്ടിക്ക് പ്രതിസന്ധി ഘട്ടങ്ങളിൽ ആശ്രയിക്കാവുന്ന ആൾ, പ്രണബ് മുഖർജി വിശേഷിപ്പിക്കപ്പെട്ടത് ഇങ്ങനെയൊക്കെയാണ്. രാജീവ് ഗാന്ധിയുടെ കാലത്ത് കോൺഗ്രസുമായി പിണങ്ങി സ്വന്തം പാർട്ടിയുണ്ടാക്കിയ ഇടക്കാലത്തൊഴികെ എക്കാലവും കോൺഗ്രസിനൊപ്പമായിരുന്നു പ്രണബ്. ഒടുവിലത്തെ കാലത്ത് ബി.ജെ.പിയോട് ചായ്വ് പ്രകടിപ്പിക്കുന്നുവെന്ന് തോന്നിപ്പിക്കുകയും നാഗ്പൂരിലെ ആർ.എസ്.എസ് ആസ്ഥാനം സന്ദർശിക്കുകയും ചെയ്തത് വിവാദമായെങ്കിലും പ്രണബ് കോൺഗ്രസിനെ വിട്ട് മറ്റെവിടേക്കും പോയില്ല.
1935 ഡിസംബർ11ന് പശ്ചിമ ബംഗാളിലെ ബിർഭൂം ജില്ലയിലെ മിറാത്തി ഗ്രാമത്തിൽ സ്വാതന്ത്ര്യ സമരസേനാനിയും എ.ഐ.സി.സി അംഗവുമായ കമദ കിങ്കർ മുഖർജിയുടെയും രാജലക്ഷ്മിയുടെയും മകനായി ജനിച്ചു. കൊൽക്കത്ത സർവകലാശാലയിൽനിന്ന് ചരിത്രത്തിലും രാഷ്ട്രമീമാംസയിലും നിയമത്തിലും ബിരുദാനന്തര ബിരുദം നേടിയ മുഖർജി പോസ്റ്റൽ ആൻഡ് ടെലിഗ്രാഫ് വകുപ്പിൽ കുറച്ചുകാലം ജോലി ചെയ്തു. 1963 ൽ വിദ്യാനഗർ കോളജിൽ അധ്യാപകനായി. പിന്നീട് രാഷ്ട്രീയത്തിൽ സജീവമാകുന്നതിനു മുമ്പ് 'ദശർ ദാക്' എന്ന പത്രത്തിലും പ്രവർത്തിച്ചിരുന്നു.
പശ്ചിമ ബംഗാൾ കോൺഗ്രസിലൂടെയായിരുന്നു പ്രണബിന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. 1969 ൽ മിഡ്നാപ്പുർ ഉപതെരഞ്ഞെടുപ്പിൽ മലയാളിയായ വി.കെ. കൃഷ്ണമേനോന്റെ തെരഞ്ഞെടുപ്പ് ഏജൻറായി പ്രവർത്തിക്കുകയും ലക്ഷത്തിൽപരം വോട്ടുകൾക്ക് ജയിക്കുകയും ചെയ്തത് വഴിത്തിരിവായി. പ്രണബിന്റെ മിടുക്ക് ശ്രദ്ധയിൽപെട്ട പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയാണ് ദേശീയ രാഷ്ട്രീയത്തിലേക്ക് അദ്ദേഹത്തെ ആനയിച്ചത്. 1969ൽ രാജ്യസഭാംഗമായി പാർലമെന്‍ററി രാഷ്ട്രീയത്തിലിറങ്ങിയ പ്രണബ് 1975ലും 1981ലും 1993ലും 1999 ലും രാജ്യസഭാംഗമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.