ന്യൂഡൽഹി: 2023 സെപ്റ്റംബറിൽ നടക്കുന്ന ജി 20 ഉച്ചകോടി കണക്കിലെടുത്ത് കശ്മീർ ഗേറ്റിന് സമീപത്തെ ഹനുമാൻ മന്ദിർ പ്രദേശത്തെ ആയിരത്തിലധികം യാചകരെ രാത്രി ഷെൽട്ടറുകളിലേക്ക് മാറ്റുന്നു. യാചകരെ ഇപ്പോഴുള്ള സ്ഥലത്തുനിന്ന് നീക്കാനും പുനരധിവസിപ്പിക്കാനും ഡൽഹി അർബൻ ഷെൽട്ടർ ഇംപ്രൂവ്മെന്റ് ബോർഡിന് (ഡി.യു.എസ്.ഐ.ബി) ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്. ഡി.യു.എസ്.ഐ.ബി ചീഫ് എൻജിനീയറുടെ കീഴിൽ നാലംഗ സമിതി രൂപവത്കരിച്ച് യാചകരെ നീക്കാനുള്ള പ്രവർത്തനവും തുടങ്ങി. ബുധൻ, വ്യാഴം ദിവസങ്ങളിൽ നടത്തിയ സർവേയിൽ ആയിരത്തിലധികം ഭിക്ഷാടകരെ തിരിച്ചറിഞ്ഞു. ഇവരെ ജനുവരി ആദ്യവാരത്തോടെ രാത്രി ഷെൽട്ടറുകളിലേക്ക് മാറ്റും. ഭിന്നശേഷിക്കാരായവരെ സ്ഥാപന സംരക്ഷണ കേന്ദ്രങ്ങളിൽ എത്തിക്കും. വനിത ശിശു വികസന വകുപ്പിന്റെ ശിശുക്ഷേമ സമിതികൾ കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അതിനിടെ, 2018ലെ ഡൽഹി ഹൈകോടതി ഉത്തരവ് ചൂണ്ടിക്കാട്ടി ഭവനരഹിതരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സർക്കാറിതര സംഘടനകൾ നീക്കത്തെ എതിർത്തു. 1959ലെ ബോംബെ ഭിക്ഷാടനം തടയൽ നിയമ വ്യവസ്ഥകൾ 2018 ആഗസ്റ്റ് എട്ടിന് ഡൽഹി ഹൈകോടതി റദ്ദാക്കിയ കാര്യം ഇവർ ചൂണ്ടിക്കാട്ടി. യാചകരെ വീടുകളിലോ മറ്റു സൗകര്യങ്ങളിലോ തടങ്കലിൽ വെക്കുന്നതിനെതിരെയായിരുന്നു വിധിയെന്ന് സെന്റർ ഫോർ ഹോളിസ്റ്റിക് ഡെവലപ്മെന്റിൽ നിന്നുള്ള സുനിൽ കുമാർ അലെഡിയ പറഞ്ഞു. 2023 സെപ്റ്റംബർ ഒമ്പത്, 10 തീയതികളിൽ നടക്കുന്ന ജി 20 ഉച്ചകോടിയുടെ പ്രധാന വേദി ഡൽഹിയിലെ പ്രഗതി മൈതാനമാണ്. ഡിസംബർ ഒന്നിനാണ് ജി20യുടെ അധ്യക്ഷസ്ഥാനം ഇന്ത്യ ഏറ്റെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.