ബി.ജെ.പി ഉന്നതാധികാര സമിതി; ഗഡ്കരിയും ചൗഹാനും പുറത്ത്

ന്യൂഡൽഹി: ബി.ജെ.പിയിൽ മറ്റൊരു ശാക്തിക ചേരിക്ക് ഇനിയൊരു അവസരവും ഇല്ലാതാക്കിയ നീക്കത്തിൽ മുതിർന്ന നേതാക്കളായ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും ബി.ജെ.പി ഉന്നതാധികാര സമിതിയായ പാർലമെന്ററി ബോർഡിന് പുറത്ത്. പാർട്ടി തീരുമാനങ്ങളിലെ അവസാന വേദിയായ ബോർഡിൽ ബി.ജെ.പി ആറ് പുതുമുഖങ്ങളെ ഉൾപ്പെടുത്തുകയും ചെയ്തു. 2024ലെ പൊതുതെരഞ്ഞെടുപ്പ് മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ നിയന്ത്രണത്തിലായിരിക്കുമെന്ന് തെളിയിക്കുന്നതാണ് ഈ ഇളക്കിപ്രതിഷ്ഠ.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബി.ജെ.പി അധ്യക്ഷൻ ജെ.പി. നദ്ദ, ആർ.എസ്.എസ് ബി.ജെ.പിയിലേക്ക് നിയോഗിച്ച സംഘടന സെക്രട്ടറി ബി.എൽ. സന്തോഷ് എന്നിവർ പഴയതുപോലെ തുടരും. അമിത്ഷാക്കും മോദിക്കും ഏറക്കുറെ പൂർണമായും വഴങ്ങിയ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് മാത്രമാണ് പാർലമെന്ററി ബോർഡിൽ മോദി കേന്ദ്രത്തിൽ വരുന്നതിന് മുമ്പേയുണ്ടായിരുന്നവരിൽ അവശേഷിക്കുന്ന ഏകമുഖം.

ഉത്തർപ്രദേശിൽ ബി.ജെ.പിയെ രണ്ടാമതും അധികാരത്തിലേക്ക് നയിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ബോർഡിൽ ഉൾപ്പെടുത്തുമെന്ന് ഉറപ്പിച്ചിരുന്നെങ്കിലും അതുണ്ടായില്ല. അസം മുൻ മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ, കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ, കെ. ലക്ഷ്മൺ, ഇഖ്ബാൽ സിങ് ലാൽപുര, സുധ യാദവ്, സത്യനാരായണ ജട്ടിയ എന്നിവരെയാണ് പുതുതായി ഉൾപ്പെടുത്തിയത്. കേന്ദ്ര മന്ത്രിസഭയിലെ കരുത്തനും നാഗ്പൂരിൽ ആർ.എസ്.എസ് ആസ്ഥാനവുമായി ഏറ്റവുമടുത്ത ബന്ധവുമുള്ള ഗഡ്കരിയെ പുറത്താക്കിയത് പാർട്ടിയെ ഞെട്ടിച്ച നീക്കമായി. പ്രതിപക്ഷത്തിനുകൂടി സ്വീകാര്യനായ ഗഡ്കരി അപൂർവമായി സർക്കാറിന്റെയും പാർട്ടിയുടെയും വിമർശകനുമായിട്ടുണ്ട്.

20 വർഷമായി മധ്യപ്രദേശിൽ മുഖ്യമന്ത്രി പദവിയിലിരിക്കുന്ന ശിവരാജ് സിങ് ചൗഹാന്റേതാണ് രണ്ടാമത്തെ അട്ടിമറി. മോദി-അമിത് ഷാ കൂട്ടുകെട്ടിനോട് മമതയില്ലാത്തവരാണ് ഗഡ്കരിയും ചൗഹാനും. അഴിമതി കേസുകളെ തുടർന്ന് മുഖ്യമന്ത്രിപദം രാജിവെക്കേണ്ടിവന്ന കർണാടക നേതാവാണ് 77ാം വയസ്സിലെത്തി നിൽക്കുന്ന ബി.എസ്. യെദിയൂരപ്പ. അടുത്ത വർഷം നടക്കുന്ന കാർണാടക തെരഞ്ഞെടുപ്പിൽ ലംഗായത്ത് സമുദായത്തെ പിണക്കാതിരിക്കാനാണ് യെദിയൂരപ്പക്ക് മോദി നിർണയിച്ച 75 വയസ്സ് പ്രായപരിധി ലംഘിച്ചുള്ള നിയമനം. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെയും സർബാനന്ദ സോനോവാളിനെയും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയിൽ ഉൾപ്പെടുത്തി സ്ഥാനക്കയറ്റം നൽകി.

Tags:    
News Summary - Gadkari and Shivraj Singh Chauhan out of BJP Parliamentary Board

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.