ഗൗരി ലങ്കേഷ് വധക്കേസ്: പ്രത്യേക കോടതിയില്‍ വിചാരണ ആരംഭിച്ചു

ബംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട് അഞ്ചു വർഷം തികയാനിരിക്കെ കേസിലെ വിചാരണ ആരംഭിച്ചു. കര്‍ണാടക സംഘടിത കുറ്റ നിയമത്തിനുവേണ്ടിയുള്ള പ്രത്യേക കോടതിയിലാണ് വിചാരണ നടക്കുന്നത്. എല്ലാ മാസത്തെയും രണ്ടാം ആഴ്ചയിൽ അഞ്ചു ദിവസമായിരിക്കും വിചാരണ. വിചാരണയുടെ അടുത്ത സെഷൻ ജൂലൈ നാലു മുതൽ എട്ടു വരെ നടക്കും.

കേസില്‍ അറസ്റ്റിലായ 17 പ്രതികളില്‍ ആറു പേര്‍ നിലവില്‍ മുംബൈ ആര്‍തര്‍ റോഡ് ജയിലിലും ബാക്കിയുള്ള പ്രതികള്‍ ബംഗളൂരു സെന്‍ട്രല്‍ ജയിലിലുമാണ്. ബംഗളൂരു സെന്‍ട്രല്‍ ജയിലിലുള്ള പ്രതികള്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി വിചാരണ നടപടികളില്‍ പങ്കെടുത്തു. മുംബൈ ജയിലിലുള്ള പ്രതികൾ വെള്ളിയാഴ്ചത്തെ വിചാരണ നടപടികളിൽ ഹാജരായില്ല. വിചാരണയില്‍ പ്രതികളെ നേരിട്ട് ഹാജരാക്കാന്‍ അനുവദിക്കണമെന്ന് പ്രതികളുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും പ്രതികളെ വിഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരാക്കിയാല്‍ മതിയെന്ന് ജഡ്ജി സി.എം. ജോഷി അറിയിച്ചു.

കോവിഡ് മഹാമാരിയെ തുടർന്നും പ്രതികൾ സമർപ്പിച്ച വിവിധ ഹരജികൾ പരിഗണിക്കുന്നതിനെയും തുടർന്നാണ് വിചാരണ നടപടി നീണ്ടുപോയത്. വെള്ളിയാഴ്ച വിചാരണ നടപടി ആരംഭിച്ചപ്പോൾ കോടതിയിൽ സാക്ഷികളായ ഗൗരി ലങ്കേഷിന്‍റെ സഹോദരി കവിത ലങ്കേഷും ഹാജരായിരുന്നെങ്കിലും മുഴുവൻ പ്രതികളും ഹാജരാകാത്തതിനാൽ മൊഴി രേഖപ്പെടുത്തിയില്ല.

2017 സെപ്റ്റംബര്‍ അഞ്ചിന് രാത്രിയാണ് ബംഗളൂരു രാജരാജേശ്വരി നഗറിലെ വസതിക്കു മുന്നില്‍ തീവ്രഹിന്ദുത്വ പ്രവർത്തകരുടെ വെടിയേറ്റ് ഗൗരി ലങ്കേഷ് കൊല്ലപ്പെടുന്നത്. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) 18 പേരെ പ്രതിചേർത്ത് 9325 പേജുള്ള കുറ്റപത്രം 2018 നവംബർ 23നാണ് സമർപ്പിച്ചത്. സനാതൻ സൻസ്ത ഉൾപ്പെടെയുള്ള തീവ്രഹിന്ദുത്വ സംഘടനകളുമായി ബന്ധമുള്ള പരശുറാം വാഗ്മൊറെ, അമോല്‍ കാലെ, അമിത് ദെഗ്‌വെകര്‍, സുജിത് കുമാര്‍, ഗണേഷ് മിസ്‌കിന്‍, അമിത് ബഡ്ഡി, ഭരത് കുരനെ, എച്ച്.എല്‍. സുരേഷ്, രാജേഷ് ബംഗേര, സുധന്‍വ ഗൊന്ദലെകര്‍, ശരദ് കലസ്‌കര്‍, മോഹന്‍ നായക്, വാസുദേവ് സൂര്യവംശി, മനോഹര യാദവെ, ശ്രീകാന്ത് പങ്കാര്‍കര്‍, നവീന്‍ കുമാര്‍, റിഷികേശ് ദ്യോദികര്‍, വികാസ് പാട്ടീല്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

പരശുറാം വാഗ്മൊറെ ഗൗരി ലങ്കേഷിനുനേരെ വെടിയുതിർത്തതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. കൊലപാതകം ആസൂത്രണം ചെയ്തതും ഗൂഢാലോചന നടത്തിയതും അമിത് ദേഗ്വെക്കറും സുജിത് കുമാറുമാണ്. കേസിൽ അമോൽ കാലെയാണ് ഒന്നാം പ്രതി. ഗൗരി ലങ്കേഷിന്‍റെ ഘാതകർക്ക് നരേന്ദ്ര ദാഭോൽകർ, ഗോവിന്ദ് പൻസാരെ, എം.എം. കൽബുർഗി എന്നിവരുടെ കൊലപാതകവുമായി ബന്ധമുണ്ടെന്നും അന്വേഷണത്തിനിടെ വ്യക്തമായിരുന്നു.

Tags:    
News Summary - Gauri Lankesh murder case: Trial begins in special court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.