ഗൗരി ലങ്കേഷ് വധക്കേസ്; വിചാരണ മേയ് 27 മുതൽ

ബംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് വധക്കേസിൽ വിചാരണ മേയ് 27 മുതൽ തുടങ്ങും. ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട് നാലു വർഷത്തിനുശേഷമാണ് വിചാരണ തുടങ്ങുന്നത്.

പ്രതികളെ അറസ്റ്റ് ചെയ്ത് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചെങ്കിലും ഇതുവരെ വിചാരണ ആരംഭിച്ചിരുന്നില്ല. പ്രതികൾക്കായി 60ലധികം അഭിഭാഷകരാണ് ഹാജരായതെന്നും ഇവരുടെ ഹരജികളെ തുടർന്നാണ് വിചാരണ നടപടി നീണ്ടതെന്നും മുതിർന്ന അഭിഭാഷകൻ എസ്. ബാലൻ പറഞ്ഞു. കർണാടകയിലെ സംഘടിത കുറ്റകൃത്യം തടയുന്നതിനായുള്ള പ്രത്യേക കോടതിയിലാണ് വിചാരണ നടക്കുക. ഗൗരി ലങ്കേഷിന്‍റെ സഹോദരി കവിത ലങ്കേഷിനും വിചാരണക്കായി മേയ് 27ന് ഹാജരാകണമെന്നാവശ്യപ്പെട്ട് പ്രത്യേക കോടതി ജഡ്ജി അനിൽ ഭീമന കട്ടി നോട്ടീസ് അയച്ചു.

2017 സെപ്റ്റംബർ അഞ്ചിന് ബംഗളൂരുവിലെ വസതിയിൽവെച്ചാണ് ഗൗരി ലങ്കേഷിനെ വെടിവെച്ച് കൊലപ്പെടുത്തുന്നത്. കേസ് അന്വേഷിക്കുന്ന എസ്.ഐ.ടി 18 പേരെ പ്രതിചേർത്തുകൊണ്ടാണ് കുറ്റപത്രം സമർപ്പിച്ചത്. ഇതുവരെ 17പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. 18ാം പ്രതിയായ വികാസ് പട്ടേൽ എന്ന നിഹാൽ ഒളിവിലാണ്. മുഖ്യ ആസൂത്രകനായ അമോൽ കാലെ, വെടിയുതിർത്ത പരശുറാം വാഗ്മറെ, ഇരുചക്രവാഹനമോടിച്ചിരുന്ന ഗണേഷ് മിഷ്കിൻ തുടങ്ങിയവർ ഉൾപ്പെടെ 17 പ്രതികളായിരിക്കും മേയ് 27 മുതൽ വിചാരണ നേരിടുക.

Tags:    
News Summary - Gauri Lankesh murder case: Trial to start in Bengaluru from May 27

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.