ന്യൂഡൽഹി: കോവിഡ് രോഗികൾക്കായുള്ള ഫാബിഫ്ലു മരുന്ന് അനധികൃതമായി സംഭരിക്കുകയും വിതരണം ചെയ്യുകയും ചെയ്ത സംഭവത്തിൽ ഗൗതം ഗംഭീർ ഫൗണ്ടേഷൻ കുറ്റക്കാരാണെന്ന് റിപ്പോർട്ട്. ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ) ഡൽഹി ഹൈകോടതിയിൽ അറിയിച്ചതാണിക്കാര്യം.
നേരത്തെ ഗൗതം ഗംഭീർ ഫൗണ്ടേഷന് ക്ലീൻ ചിറ്റ് നൽകിയ നടപടിയെ കോടതി ശാസിച്ചതിനെത്തുടർന്ന് ഡി.സി.ജി.ഐ പുതിയ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുകയായിരുന്നു. ഓർഗനൈസേഷൻ, മരുന്ന് ഡീലർമാർ എന്നിവർക്കെതിരെ കാലതാമസമില്ലാതെ നടപടിയെടുക്കുമെന്നും ഡ്രഗ്സ് കൺട്രോളർ വ്യക്തമാക്കി.
മയക്കുമരുന്ന്, സൗന്ദര്യവർദ്ധക നിയമപ്രകാരം സമാനമായ കുറ്റങ്ങളിൽ ആം ആദ്മി എം.എ.ൽഎ പ്രവീൺ കുമാറും കുറ്റക്കാരനാണെന്നും ഡി.സി.ജി.ഐ കോടതിയെ അറിയിച്ചു.
മരുന്ന് സംഭരണവുമായി ബന്ധപ്പെട്ട കേസിൽ ഗംഭീറിനും കുമാറിനും ക്ലീൻ ചിറ്റുകൾ നൽകിയ ഡി.സി.ജി.ഐയുടെ മുൻ റിപ്പോർട്ടുകൾ കോടതി തള്ളുകയായിരുന്നു. കേസിൽ പുതിയ റിപ്പോർട്ട് സമർപ്പിക്കുവാനും വീണ്ടുംഅന്വേഷണം നടത്തുവാനും ജസ്റ്റിസുമാരായ വിപിൻ സംഘി, ജസ്മീത് സിങ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിടുകയായിരുന്നു.
അതേസമയം, മറ്റൊരു ആം ആദ്മി എം.എൽ.എയായ പ്രീതി തോമറിനെ കുറിച്ച് സമർപ്പിച്ച റിപ്പോർട്ടിൽ കോടതി സ്വീകരിച്ചിരുന്നു. സമാനമായ ആരോപണങ്ങളിൽ അവർക്കെതിരെ അന്വേഷണം നടത്താൻ ഡിവിഷൻ ബെഞ്ച് നേരത്തെ കൺട്രോളറോട് ഉത്തരവിട്ടിരുന്നു.
ഈ കേസുകളുടെ കൂടുതൽ പുരോഗതിയെക്കുറിച്ചുളള തൽസ്ഥിതി റിപ്പോർട്ട് ആറ് ആഴ്ചയ്ക്കുള്ളിൽ സമർപ്പിക്കാൻ ഡ്രഗ്സ് കൺട്രോളറോട് കോടതി വ്യാഴാഴ്ച ആവശ്യപ്പെട്ടു. വിഷയം ജൂലൈ 29ന് വാദം കേൾക്കുന്നതിനായി പട്ടികപ്പെടുത്തിയിട്ടുണ്ട്.
കോവിഡ് ചികിത്സക്കുപയോഗിക്കുന്ന മരുന്നിന് ജനങ്ങളും മെഡിക്കൽ സ്റ്റോറുകളും ക്ഷാമം നേരിടുമ്പോൾ രാഷ്ട്രീയക്കാർക്ക് എങ്ങനെ ഇത്തരം മരുന്നുകൾ സംഭരിക്കാനും വിതരണം ചെയ്യാനും സാധിക്കുന്നതെന്ന പൊതുതാൽപര്യ ഹരജിയിലാണ് നടപടിക്രമങ്ങൾ പുരോഗമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.