ന്യൂഡൽഹി: ''അദ്ദേഹത്തിന് മികച്ചൊരു യാത്രാമൊഴിതന്നെ നൽകണം, പുഞ്ചിരിയോടെയുള്ള വിടപറച്ചിൽ'' -വാക്കുകൾ ഇടറിപ്പോകാതെ, മകളെയും ചേർത്തുപിടിച്ച് ബ്രിഗേഡിയർ ലഖ്വിന്ദർ സിങ് ലിഡ്ഡറുടെ പ്രിയപത്നി ഗീതിക ലിഡ്ഡർ പറയുന്നു. കുന്നൂർ ഹെലികോപ്ടർ ദുരന്തത്തിൽ ജീവൻപൊലിഞ്ഞ 52കാരനായ ലിഡ്ഡറുടെ മൃതദേഹം സംസ്കാരത്തിനായി ഡൽഹി ബ്രാർ സ്ക്വയർ ശ്മശാനത്തിൽ എത്തിച്ചപ്പോൾ വേദന കടിച്ചമർത്തിയാണ് പത്നി ഗീതികയും 17കാരി മകൾ ആഷ്നയും ചടങ്ങുകൾ നിർവഹിച്ചത്.
എന്നാൽ ഇടക്ക്, ദേശീയപതാകയിൽ പൊതിഞ്ഞ പേടകത്തിൽ കെട്ടിപ്പിടിച്ച് ഭാര്യ ഗീതിക പൊട്ടിക്കരഞ്ഞത് കണ്ടുനിന്നവരുടെ കണ്ണുനനയിച്ചു. മാതാവിനെ പിടിച്ചുമാറ്റാൻ ശ്രമിക്കുേമ്പാൾ ആഷ്നക്കും ആത്മനിയന്ത്രണം വിട്ടു. പലതവണ കണ്ണീരുവീണെങ്കിലും പതറാതെ, ആഷ്നയേയും ചേർത്തുപിടിച്ച് പ്രിയതമെൻറ ശവമഞ്ചത്തിനരികിൽ ഗീതിക ഇരുന്നു. നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ ആഷ്ന ഒരു കൈ റോസാപ്പൂവെടുത്ത് പിതാവിെൻറ പേടകത്തിനുമേൽ വിതറി.
''അസാധാരണ ജീവിതത്തിനുടമയായിരുന്നു അദ്ദേഹം... എല്ലാവർക്കും അതറിയാം. അദ്ദേഹത്തിന് വിട നൽകാൻ എത്ര പേരാണ് വന്നിരിക്കുന്നത്. എല്ലാവരാലും സ്നേഹിക്കപ്പെട്ട ജീവിതമായിരുന്നു അദ്ദേഹത്തിേൻറത്. ഞാനൊരു പട്ടാളക്കാരെൻറ ഭാര്യയാണ്. എങ്കിലും അഭിമാനത്തേക്കാൾ മുകളിലാണ് സങ്കടം. ജീവിതം വളരെ നീണ്ടതായിരിക്കും ഇനിയങ്ങോട്ട്. ദൈവഹിതം ഇതാണെങ്കിൽ ഈ നഷ്ടവുമായി ഞങ്ങൾ ജീവിക്കും.'' -ഗീതിക വിവരിച്ചു.
ആഷ്ന ദുഃഖം കടിച്ചമർത്തി, ശാന്തതയോടെ അമ്മയെ ആശ്വസിപ്പിക്കുന്നതും കാണാമായിരുന്നു. ''ഞാൻ 17ാം വയസ്സിലേക്ക് നീങ്ങുകയാണ്. ഇത്രയും വർഷം അച്ഛൻ എനിക്കൊപ്പമുണ്ടായിരുന്നു. ആ മനോഹര നിമിഷങ്ങളുമായി ഞങ്ങൾ മുന്നോട്ടു നീങ്ങും '' -സംസ്കാര ചടങ്ങുകൾക്കു ശേഷം ആഷ്ന മാധ്യമങ്ങളോടു പറഞ്ഞു.
രാവിലെയാണ് ലിഡ്ഡറുടെ സംസ്കാര ചടങ്ങുകൾ ബ്രാർ സ്ക്വയർ ശ്മശാനത്തിൽ നടന്നത്. പ്രതിരോധ മന്ത്രി രാജ്നാഥ്സിങ്, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ, സേനാ പ്രമുഖർ എന്നിവർക്കു പുറമെ ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറും ചടങ്ങിൽ പങ്കെടുത്തു. ഹരിയാനയിലെ പഞ്ച്കുള സ്വദേശിയാണ് ലിഡ്ഡർ.
കുന്നൂർ ഹെലികോപ്ടർ അപകടവുമായി ബന്ധപ്പെട്ട് തമിഴ്നാട് പൊലീസിലെ പ്രത്യേകാന്വേഷണ സംഘം 26 സാക്ഷികളെ വിസ്തരിച്ചതായി തമിഴ്നാട് ഡി.ജി.പി ഡോ. സി. ശൈലേന്ദ്രബാബു അറിയിച്ചു. അപ്പർ കുന്നൂർ പൊലീസ് സ്റ്റേഷനിൽ 129/2021 നമ്പർ പ്രകാരം ഐ.പി.സി 174 വകുപ്പ് അനുസരിച്ച് അസ്വാഭാവിക മരണത്തിനാണ് കേസ് രജിസ്റ്റർ ചെയ്തത്. നീലഗിരി ജില്ല എ.ഡി.എസ്.പി മുത്തുമാണിക്കത്തിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിനാണ് അന്വേഷണ ചുമതല.
പിന്നീട് അപകടസ്ഥലത്തിന് തൊട്ടടുത്ത നഞ്ചപ്പസത്രം കോളനിയിൽ താമസിക്കുന്ന 26 പേരെ സാക്ഷിപ്പട്ടികയിലുൾപ്പെടുത്തി. ഇവരുടെ മൊഴിയും ശേഖരിച്ചു.
അപകടമുണ്ടായ ഉടൻ കോളനിവാസികൾ വീട്ടിലുണ്ടായിരുന്ന പുതപ്പുകളും ബെഡ്ഷീറ്റുകളും ഉപയോഗിച്ചും ബക്കറ്റും മറ്റു പാത്രങ്ങളിലുമായി വെള്ളം കോരിയൊഴിച്ചും തീയണക്കാൻ നടത്തിയ ശ്രമത്തെയും അദ്ദേഹം പ്രകീർത്തിച്ചു. നേരത്തെ കാട്ടേരി നഞ്ചപ്പൻ സത്രത്തിലെ കുടുംബങ്ങൾക്ക് പുതപ്പുകളും മറ്റു നിത്യോപയോഗ സാധനങ്ങളും ഉൾപ്പെട്ട കിറ്റുകൾ ഡി.ജി.പി വിതരണം ചെയ്തു.
അതിനിടെ, കേന്ദ്ര സർക്കാർ നിയോഗിച്ച എയർമാർഷൽ മൻവേന്ദർ സിങ്ങിെൻറ നേതൃത്വത്തിലുള്ള അന്വേഷണസംഘം രണ്ടാം ദിവസമായ വെള്ളിയാഴ്ചയും കാട്ടേരിയിലെ സംഭവസ്ഥലം പരിശോധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.