ജയ്പുർ: രണ്ടു വർഷം മുമ്പ് മഴ കോരിച്ചൊരിയുന്ന ഒരു ദിനം. രാജസ്ഥാനിലെ ഡോക്ടർ രാമേശ്വർ പ്രസാദ് യാദവും ഭാര്യയും സ്വന്തം ഗ്രാമമായ ചുരിയിലേക്കുള്ള യാത്രയിലായിരുന്നു. നാലു പെൺകുട്ടികൾ റോഡരികിലൊരിടത്ത് നിൽക്കുന്നത് കണ്ടു. ഡോക്ടറുടെ ഭാര്യ താരാവതി അവരെ വാഹനത്തിൽ കയറാൻ ക്ഷണിച്ചു. ആ യാത്രക്കിടെ പെൺകുട്ടികളിൽനിന്ന് കേട്ട കാര്യങ്ങളായിരുന്നു ആരും നമിച്ചുപോവുന്ന വലിയൊരു സൽകർമത്തിലേക്ക് ആ ദമ്പതികളെ കൊണ്ടെത്തിച്ചത്.
കോത്പുത്ലി പട്ടണത്തിൽനിന്ന് 18 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിൽനിന്നുള്ളവരായിരുന്നു അവർ. കോത്പുത്ലി കോളജിലെ വിദ്യാർഥിനികൾ. മിക്ക ദിവസങ്ങളിലും കോളജിൽ എത്താനാകാത്തതിനാൽ ഹാജർനില വളരെ കുറവ്. വലിയ ഉരുളൻകല്ലുകൾ നിറഞ്ഞ, ചുട്ടുപൊള്ളുന്ന വഴിയിലൂടെ മൂന്നു മുതൽ ആറു വരെ കിലോമീറ്റർ ഏന്തിവലിഞ്ഞ് നടന്നെത്തിയാണ് റോഡരികിൽ ബസിന് കാത്തുനിൽക്കുന്നത്. എന്നാൽ, ബസ് ജീവനക്കാരിൽനിന്നും സഹയാത്രക്കാരായ ആൺകുട്ടികളിൽനിന്നും വളരെ മോശം അനുഭവങ്ങളാണ് എന്നും. ഇതിനിടയിൽ ചില ദിവസങ്ങളിൽ കോളജിൽ എത്തിയാലായി. ഇവരുടെ ഇൗ കഥ ദമ്പതികളുടെ മനസ്സിനെ തൊട്ടു.
‘‘വീട്ടിലെത്തിയ ഉടൻ ഭാര്യ എന്നോടു ചോദിച്ചു; അവർക്കുവേണ്ടി നമുക്കെന്താണ് ചെയ്യാനാവുക എന്ന്. അതിന് മറുപടിയായി ഭാര്യയോട് മറുചോദ്യമാണ് ഞാൻ ചോദിച്ചത്. നമ്മുടെ മകൾ ഇപ്പോൾ ജീവിച്ചിരുെന്നങ്കിൽ എത്ര രൂപ അവളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനും ചെലവഴിച്ചിട്ടുണ്ടാവും? 20 ലക്ഷത്തോളമെന്ന് മകൾ നഷ്ടപ്പെട്ട ആ അമ്മ മറുപടി നൽകി. ഞാൻ അവർക്കുവേണ്ടി ഒരു ബസ് വാങ്ങാൻ തീരുമാനിച്ചു’’ -യാദവ് ഭാര്യയോട് പറഞ്ഞു.
സർക്കാർ ഡോക്ടറായ അദ്ദേഹം തെൻറ പി.എഫിലുള്ള 17 ലക്ഷം രൂപ ഇതിനായി പിൻവലിച്ചു. രണ്ടു ലക്ഷം രൂപയും കൂടെ ചേർത്ത് 19 ലക്ഷത്തിന് ബസ് വാങ്ങി. തങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ച ആ നാലു പെൺകുട്ടികളെക്കൊണ്ടുതന്നെ യാദവ് ബസ് ഉദ്ഘാടനം ചെയ്യിച്ചു. അന്നുമുതൽ ജയ്പുർ ജില്ലയിലെ ചുരി, പവാല, കായംപുര ബാസ്, ബനേതി എന്നീ ഗ്രാമങ്ങളിലുള്ള വിദ്യാർഥിനികൾക്ക് വീട്ടിൽനിന്ന് കോളജുകളിലേക്കും തിരിച്ചും സൗജന്യമായാണ് ഇൗ ബസ് സർവിസ് നടത്തിക്കൊണ്ടിരിക്കുന്നത്. മകളുടെ മരണശേഷം പ്രതീക്ഷയറ്റ തങ്ങളുടെ ജീവിതം ഇപ്പോൾ നിറഞ്ഞ സംതൃപ്തിയുടേതാണെന്ന് താരാവതി പറയുന്നു.
ആറു മാസം മാത്രമുള്ളേപ്പാഴാണ് ഹേമലത എന്ന മകൾ ഇവരെ വിട്ടുപോയത്. ഒരു പനി വന്നപ്പോൾ ഡോക്ടറെ കാണിച്ച് കുത്തിവെപ്പെടുത്തതാണ്. കുഞ്ഞ് മരിച്ചു. ഞങ്ങൾക്ക് താങ്ങാനാവാത്തതായിരുന്നു അവളുടെ വിയോഗം. അതിനുശേഷവും ഞങ്ങൾ ഒരു പെൺകുഞ്ഞിനായി കൊതിച്ചു. മൂന്ന് ആൺകുട്ടികളെയാണ് കിട്ടിയത്. ഇപ്പോൾ ഞങ്ങൾക്ക് 50 ഹേമലതമാരെ കിട്ടിയതുപോലെ തോന്നുന്നു’’ -ഭൂമിയിലെ ഏറ്റവും സംതൃപ്തനായ ഒരു മനുഷ്യനെപ്പോലെയായിരുന്നു ഇതു പറഞ്ഞേപ്പാൾ ആ ഡോക്ടർ. കുഗ്രാമത്തിലെ ദരിദ്ര കുടുംബത്തിലെ കുട്ടികൾക്ക് വിദ്യാഭ്യാസമെന്ന സ്വപ്നത്തിന് 40 സീറ്റുള്ള ഇൗ ബസ് വേഗം കൂട്ടി. പലരുടെയും ഹാജർനില ഇരട്ടിയായി. ബി.എ രണ്ടാംവർഷം പഠിക്കുന്ന ഒരു പെൺകുട്ടി പറയുന്നത് അവളിപ്പോൾ 40 രൂപയും ദിവസത്തിൽ ഒരു മണിക്കൂറും സമ്പാദിക്കുന്നുണ്ടെന്നാണ്. അപൂർവമായി മാത്രം മഴപെയ്യുന്ന ഇൗ ദേശത്തെ പെൺകൊടികളുടെ ഉള്ളിൽ ബസിൽ സഞ്ചരിക്കുന്ന ഒാരോ നിമിഷവുമിപ്പോൾ സന്തോഷപ്പെരുമഴയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.