പ്രത്യേക ബാലറ്റ് പേപ്പര്‍ അംഗീകരിക്കാനാവില്ല; തെലങ്കാന തെരഞ്ഞെടുപ്പ് കമീഷന്‍റെ ഹരജി ഹൈകോടതി തള്ളി

ഹൈദരാബാദ്: ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ പ്രത്യേക പേപ്പർ ബാലറ്റുകൾകൂടി വോട്ടായി അനുവദിക്കണമെന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍റെ സർക്കുലർ തെലങ്കാന ഹൈക്കോടതി തള്ളി. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ അനുവദിച്ച ചിഹ്നമുള്ള ബാലറ്റുകളല്ലാതെ രേഖപ്പെടുത്തിയ പേപ്പര്‍ ബാലറ്റുകള്‍ കൂടി വോട്ടായി പരിഗണിക്കണമെന്നായിരുന്നു സർക്കുലറിൽ പറഞ്ഞിരുന്നത്.


തെരഞ്ഞെടുപ്പ് കമീഷന്‍റെ പ്രത്യേക അടയാളങ്ങള്‍ പതിച്ച ബാലറ്റുകള്‍ മാത്രം എണ്ണിയാല്‍ മതിയെന്നാണ് ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. തെരഞ്ഞെടുപ്പ് ദിവസം വോട്ടര്‍മാര്‍ക്ക് പ്രത്യേകം ചിഹ്നം പതിക്കാത്ത പേപ്പറുകള്‍ നല്‍കിയതായി ചില പോളിംഗ് ബൂത്തുകളിലെ ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പ് കമീഷനെ അറിയിച്ചിരുന്നു. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ചായിരുന്നു വോട്ടെടുപ്പ്.

ഇതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമീഷന്‍ സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. സ്റ്റാൻഡേർഡ് സ്വസ്തിക് ചിഹ്നം (ക്രോസ്ഡ് അമ്പടയാളം) ഒഴികെയുള്ള 'പ്രത്യേക അടയാളങ്ങളും' വോട്ടായി അനുവദിക്കണം. ഏത് സ്ഥാനാര്‍ത്ഥിക്കാണ് വോട്ടെന്നത് മനസിലായാല്‍ ആ വോട്ട് സാധുവായി കണക്കാക്കാമെന്നായിരുന്നു സര്‍ക്കുലറില്‍ പറഞ്ഞിരുന്നത്.

എന്നാൽ ഈ സർക്കുലർ നിയമവിരുദ്ധവും ഏകപക്ഷീയവും തിരഞ്ഞെടുപ്പ് നിയമങ്ങൾക്ക് വിരുദ്ധവുമാണെന്ന് കാണിച്ച് ഹർജിക്കാരായ ആന്‍റണി റെഡ്ഡി, ജി സുരേന്ദർ (ജി.എച്ച്.എം.സി തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികൾ) കോടതിയെ സമീപിക്കുകയായിരുന്നു.

ഇത് പരിഗണിക്കവെയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍റെ ആവശ്യം നിരാകരിച്ചത്. പ്രത്യേക ചിഹ്നമില്ലാതെ വോട്ട് ചെയ്ത ബാലറ്റുകള്‍ പ്രത്യേകം സൂക്ഷിക്കണമെന്നും ഫലങ്ങളില്‍ ആശയക്കുഴപ്പമുണ്ടായാൽ ഫലം പ്രഖ്യാപിക്കരുതെന്നും ജസ്റ്റിസ് അഭിഷേക് റെഡ്ഡി പറഞ്ഞു.

അതേസമയം വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ ടി.ആർ.എസ് മുന്നേറ്റം തുടരുകയാണ്. ഏറ്റവും പുതിയ കണക്കനുസരിച്ച് 70 വാർഡുകളിൽ ടി.ആർ.എസ് മുന്നിലാണ്. 42 വാർഡുകളിൽ എ.ഐ.എം.ഐ.എമ്മും 36 വാർഡുകളിൽ ബി.ജെ.പിയും ലീഡ് ചെയ്യുന്നുണ്ട്. നേരത്തേ പോസ്റ്റൽ വോട്ടുകൾ എണ്ണിയതിൽ ബി.ജെ.പിയായിരുന്നു മുന്നിൽ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.