ന്യൂഡൽഹി: ഹിന്ദുസ്ഥാനി മുസ്ലിം ആയതിൽ താൻ അഭിമാനിക്കുന്നെന്ന് കോൺഗ്രസ് എം.പി ഗുലാം നബി ആസാദ്. രാജ്യസഭയിൽ നിന്ന് ഈമാസം വിരമിക്കുന്ന എം.പിമാർക്കുള്ള യാത്രയയപ്പ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമ്മു-കശ്മീരിൽ നിന്ന് ഡൽഹിയിലെത്തി നിൽക്കുന്ന തന്‍റെ രാഷ്ട്രീയ ജീവിതം പരാമർശിച്ച പ്രസംഗത്തിനിടെ പലപ്പോഴും അദ്ദേഹം വികാരാധീനനായി.
'ഞാൻ ഒരിക്കലും പാകിസ്താനിൽ പോയിട്ടില്ല. അതൊരു ഭാഗ്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഒരിക്കലും പാകിസ്താനിൽ പോയിട്ടില്ലാത്ത ഭാഗ്യവാന്മാരായ ആളുകളിൽ ഞാനും ഒരാളാണ്. പാകിസ്താനിലെ സാഹചര്യങ്ങളെ കുറിച്ച് വായിച്ചറിഞ്ഞപ്പോൾ, ഹിന്ദുസ്ഥാനി മുസ്ലിം ആയതിൽ എനിക്ക് ഏറെ അഭിമാനം തോന്നി'- അദ്ദേഹം പറഞ്ഞു.
തന്നെ കുറിച്ച് വികാരഭരിതനായി സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗുലം നബി നന്ദി പറഞ്ഞു. 'പലപ്പോഴും ഞങ്ങൾ തമ്മിൽ സഭയിൽ വാഗ്വാദം നടന്നിട്ടുണ്ട്. അതൊന്നും അദ്ദേഹം വ്യക്തിപരമായി എടുത്തില്ല'- ഗുലാം നബി ചൂണ്ടിക്കാട്ടി. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയിൽ നിന്ന് സഭാ നടത്തിപ്പ് സംബന്ധിച്ച് താൻ ഒരുപാട് കാര്യങ്ങൾ പഠിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.