പനജി: സ്ത്രീ ഹോട്ടലിൽ മുറിയെടുത്ത് പുരുഷനൊപ്പം മുറിയിലേക്ക് വരുന്നത് ശാരീരിക ബന്ധത്തിനുള്ള സമ്മതമായി കണക്കാക്കാനാവില്ലെന്ന് ബോംബെ ഹൈകോടതി. ബലാത്സംഗക്കേസ് റദ്ദാക്കിയ വിചാരണക്കോടതിയുടെ 2021ലെ വിധിക്കെതിരെ സമർപ്പിച്ച ഹരജിയിലാണ് ബോംബെ ഹൈകോടതിയുടെ ഗോവ ബെഞ്ചിന്‍റെ ഉത്തരവ്. ഗുൽഷെർ അഹമ്മദ് എന്നയാൾ ഹോട്ടൽ മുറിയിൽവെച്ച് ബലാത്സംഗം ചെയ്തെന്നായിരുന്നു കേസ്.
2020 മാർച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതി ഗുൽഷെർ അഹമ്മദ് ഇരയായ യുവതിക്ക് വിദേശത്ത് ജോലി വാഗ്ദാനം ചെയ്തിരുന്നു. ജോലിയുടെ ഭാഗമായി ഒരു ഏജന്‍റുമായി സംസാരിക്കാനുണ്ടെന്നും അതിനായി മഡ്ഗാവിലെ ഹോട്ടലിൽ മുറി ബുക്ക് ചെയ്യണമെന്നും പ്രതി ആവശ്യപ്പെട്ടു. ഇരുവരും ചേർന്ന് മുറി ബുക്ക് ചെയ്യുകയായിരുന്നു. മുറിക്കുള്ളിൽ കടന്നതും പ്രതി തന്നെ ബലാത്സംഗം ചെയ്തതായും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയിൽ പറഞ്ഞു. പിന്നീട് പ്രതിയുടെ കണ്ണുവെട്ടിച്ച് യുവതി ഹോട്ടലിന് പുറത്തേക്ക് നിലവിളിച്ച് ഓടുകയും ഉടൻ പൊലീസ് എത്തി പ്രതിയെ അറസ്റ്റു ചെയ്യുകയുമായിരുന്നു.
എന്നാൽ, 2021ൽ വിചാരണക്കോടതി പ്രതിക്കെതിരായ ബലാത്സംഗക്കുറ്റം റദ്ദാക്കുകയായിരുന്നു. ഇരുവരും ചേർന്നാണ് മുറി ബുക്ക് ചെയ്തതെന്നും അതിനാൽ തന്നെ ശാരീരിക ബന്ധത്തിനുള്ള സമ്മതമാണ് യുവതി നൽകിയതെന്നുമുള്ള പ്രതിഭാഗത്തിന്‍റെ വിചിത്രമായ വാദം അംഗീകരിച്ചാണ് കോടതി പ്രതിയെ വെറുതെവിട്ടത്.
എന്നാൽ, ഇത്തരമൊരു നിരീക്ഷണം നടത്തിയതിൽ വിചാരണക്കോടതിക്ക് തെറ്റുപറ്റിയെന്ന് ഹൈകോടതി ജഡ്ജി ജസ്റ്റിസ് ഭാരത് ദേശ്പാണ്ഡെ ചൂണ്ടിക്കാട്ടി. സ്ത്രീ ഹോട്ടലിൽ മുറിയെടുത്ത് പുരുഷനൊപ്പം വരുന്നത് ഒരുവിധത്തിലും ശാരീരിക ബന്ധത്തിനുള്ള സമ്മതമായി കണക്കാക്കരുത്. ഇരയായ പെൺകുട്ടിക്ക് ഹോട്ടൽ റൂം ബുക്ക് ചെയ്യുന്നതിൽ പ്രശ്‌നമുണ്ടായിരുന്നില്ലെന്നും മുറിയിൽ പ്രവേശിക്കുന്നതിന് മുമ്പ് ഒരുമിച്ച് ഉച്ചഭക്ഷണം കഴിച്ചുവെന്നും അത് ലൈംഗിക ബന്ധത്തിനുള്ള സമ്മതമാണെന്നുമുള്ള പ്രതിഭാഗത്തിന്‍റെ വാദം ഹൈകോടതി തള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.