അഹമ്മദാബാദ്: തന്നെ ഹിന്ദുവിരുദ്ധനായി ചിത്രീകരിക്കാനുള്ള നീക്കത്തിനെതിരെ രൂക്ഷ പ്രതികരണവുമായി ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കെജ്രിവാൾ. കംസന്‍റെ പിന്മുറക്കാരെ ഇല്ലാതാക്കാൻ ദൈവം അയച്ചതാണ് തന്നെയെന്ന് വഡോദരയിൽ ആം ആദ്മി പ്രചാരണ യാത്രയിൽ പങ്കെടുത്ത് കെജ്രിവാൾ പറഞ്ഞു. ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി സംസ്ഥാനത്ത് വിവിധയിടങ്ങളിലെ റാലികളിൽ പങ്കെടുക്കുകയാണ് ഡൽഹി മുഖ്യമന്ത്രി.
കെജ്രിവാൾ ഹിന്ദുവിരുദ്ധനാണെന്ന് കാട്ടി ഗുജറാത്തിൽ പലയിടങ്ങളിലും വൻ പോസ്റ്ററുകളും കട്ടൗട്ടുകളും ഉയർന്നിരുന്നു. മുസ്ലിംകൾ അണിയുന്ന തൊപ്പിയണിഞ്ഞുള്ള കെജ്രിവാളിന്‍റെ ചിത്രത്തോടൊപ്പം ഹിന്ദു ദൈവങ്ങൾക്കെതിരെ മുമ്പ് നടത്തിയ പ്രസ്താവനയും ചേർത്താണ് പോസ്റ്ററുകൾ. ബി.ജെ.പിയാണ് ഇതിന് പിന്നിലെന്ന് ആപ്പ് ആരോപിച്ചു.
ദൈവങ്ങളെ പോലും അപമാനിച്ചുകൊണ്ടുള്ള ഇത്തരം നടപടികളെ ഗുജറാത്തിലെ ജനങ്ങൾ വകവെച്ചുകൊടുക്കുമോയെന്ന് കെജ്രിവാൾ ചോദിച്ചു.
ബി.ജെ.പി നേതാക്കളെ ഹിന്ദു പുരാണത്തിലെ അസുരനായ കംസന്‍റെ പിന്മുറക്കാരെന്നാണ് കെജ്രിവാൾ വിശേഷിപ്പിച്ചത്. 'ദൈവങ്ങളെ അപമാനിക്കുന്ന ഇവർ കംസന്‍റെ പിന്മുറക്കാരാണ്. ഞാൻ മതവിശ്വാസിയാണ്. ജന്മാഷ്ടമി ദിനത്തിലാണ് ഞാൻ ജനിച്ചത്. കംസന്‍റെ പിന്മുറക്കാരെ ഇല്ലാതാക്കാൻ ദൈവം അയച്ചതാണ് എന്നെ' -കെജ്രിവാൾ പറഞ്ഞു. അയോധ്യയിലെ രാമക്ഷേത്ര നിർമാണം പൂർത്തിയാക്കിയാൽ ഗുജറാത്തിൽ നിന്ന് സൗജന്യ തീർഥാടനം ഒരുക്കുമെന്നും കെജ്രിവാൾ വാഗ്ദാനം നൽകി.
ബി.ജെ.പി പ്രചാരണ യാത്രക്കിടെ ഗുജറാത്തിൽ വിവിധയിടങ്ങളിൽ എ.എപി, ബി.ജെ.പി പ്രവർത്തകർ ഏറ്റുമുട്ടി. 'ഹിന്ദുത്വവിരുദ്ധനായ കെജ്രിവാൾ തിരിച്ചുപോകുക' എന്ന് ബി.ജെ.പി പ്രവർത്തകർ ഉയർത്തിയ ബാനറുകൾ ആപ്പ് പ്രവർത്തകർ നീക്കിയിരുന്നു. ഇതേത്തുടർന്നാണ് സംഘർഷമുണ്ടായത്.
ആംആദ്മി പാർട്ടി ഗുജറാത്തിൽ അധികാരത്തിലെത്തിയാൽ പശുസംരക്ഷണത്തിനായി ഒന്നിന് 40 രൂപ വീതം ദിനംപ്രതി നൽകുമെന്ന് രാജ്കോട്ടിൽ റാലിയിൽ പങ്കെടുത്ത് കെജ്രിവാൾ പറഞ്ഞിരുന്നു. എല്ലാ ജില്ലകളിലും പശുസംരക്ഷണകേന്ദ്രം സ്ഥാപിക്കുമെന്നും വാഗ്ദാനം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.