മുംബൈ: വ്യവസായ ലോകത്ത് കാരുണ്യത്തിന്റെ പ്രതീകമായി ജീവിച്ച രത്തൻ ടാറ്റ വിടവാങ്ങുമ്പോൾ കണ്ണീരിൽ കുതിർന്ന് അദ്ദേഹത്തിന്റെ ആത്മമിത്രം ശാന്തനു നായിഡു. അസാധാരണമായ സൗഹൃദത്തിന്റെ കഥയാണ് രത്തൻ -ശാന്തനു ബന്ധം. ആറു വർഷമായി നിഴൽപോലെ രത്തൻ ടാറ്റക്കൊപ്പമുണ്ട് ശാന്തനു. അര നൂറ്റാണ്ടിന്റെ പ്രായവ്യത്യാസമുണ്ട് അവർക്കിടയിൽ. ശാന്തനുവിനെ അവിവാഹിതനായ രത്തൻ തന്റെ പിൻഗാമിയായി ദത്തെടുത്തതാണെന്ന് പലരും സംശയിച്ചു.
പുണെക്കാരനാണ് 31കാരൻ ശാന്തനു. ടാറ്റയിൽ എൻജിനീയറായി കയറിയ ശാന്തനുവിന്റെ ‘മോട്ടോപവ്സ്’ എന്ന സ്റ്റാർട്ടപ്പാണ് ഇരുവരെയും അടുപ്പിക്കുന്നത്. തെരുവുനായ്ക്കളെ രാത്രി വാഹനാപകടങ്ങളിൽനിന്ന് രക്ഷിക്കാനുള്ള വാറ് നിർമിച്ച് ഘടിപ്പിക്കുന്ന ‘മോട്ടോപവ്സി’ൽ രത്തൻ ടാറ്റയും നിക്ഷേപകനായി. കാരണം, തെരുവുനായ്ക്കളോടും മറ്റു മൃഗങ്ങളോടുമുള്ള രത്തൻ ടാറ്റയുടെ ഇഷ്ടമായിരുന്നു.
പിന്നീട് ‘ഗുഡ്ഫെല്ലോസ്’ എന്ന സ്റ്റാർട്ടപ്പും ശാന്തനു തുടങ്ങി. ഒറ്റപ്പെട്ടു കഴിയുന്ന വൃദ്ധർക്ക് തുണനൽകുന്നതായിരുന്നു ഇത്. ഇതിലും രത്തൻ നിക്ഷേപമിറക്കി. 2014 മുതൽ ഇരുവരും സൗഹൃദത്തിലായിരുന്നുവെങ്കിലും 2018 മുതലാണ് കൂടുതൽ അടുക്കുന്നത്. ഈയിടെയായി രത്തൻ എത്തിയ പൊതുപരിപാടികളിൽ നിഴൽപോലെ ശാന്തനുവുമുണ്ടായിരുന്നു. രത്തൻ പഠിച്ച ന്യൂയോർക്കിലെ കോർനെൽ സർവകലാശാലയിൽനിന്നാണ് ശാന്തനുവും എം.ബി.എ നേടിയത്. വ്യാഴാഴ്ച രത്തൻ ടാറ്റയുടെ മൃതദേഹം എൻ.സി.പി.എയിൽ പൊതുദർശനത്തിന് കൊണ്ടുവന്നപ്പോഴും ശാന്തനു ഒപ്പമുണ്ട്. ‘‘ഈ സൗഹൃദം ബാക്കിവെച്ച വിടവ് നികത്താൻ ശേഷിച്ച കാലം ഞാൻ ശ്രമിച്ചുകൊണ്ടിരിക്കും. സ്നേഹത്തിന് നൽകുന്ന വിലയാണ് ദുഃഖം. ഗുഡ്ബൈ, മൈഡിയർ ലൈറ്റ് ഹൗസ്’’ -എന്നാണ് ശാന്തനു ‘ലിങ്ക്ഡിനി’ൽ കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.