ഗോരഖ്പൂർ: ‘‘അതൊരു കാളരാത്രിയായിരുന്നു. നവജാതശിശുക്കളുടെയും മസ്തിഷ്കവീക്കത്തിന് ചികിത്സതേടുന്ന കുഞ്ഞുങ്ങളുടെയും വാർഡുകളിൽനിന്ന് തുണികളിൽ പൊതിഞ്ഞ പിഞ്ചുശരീരങ്ങൾ മാതാപിതാക്കളും ബന്ധുക്കളും പുറത്തേക്ക് കൊണ്ടുവന്നുകൊണ്ടിരുന്നു. സെക്യൂരിറ്റി ഗാർഡുമാർ ഇവരെ മെഡിക്കൽ കോളജിെൻറ പിറകിലൂടെയുള്ള ഗേറ്റിലൂടെ പുറത്തേക്ക് വിട്ടുകൊണ്ടിരുന്നു...’’ ഇത് പറയുന്നത് ഗോരഖ്പുർ ബി.ആർ.ഡി മെഡിക്കൽ കോളജിൽ ഒാക്സിജൻ ലഭിക്കാതെ കുഞ്ഞുങ്ങൾ പിടഞ്ഞുമരിച്ച സംഭവത്തിന് ദൃക്സാക്ഷിയായ പെയിൻറിങ് തൊഴിലാളി രാജഭർ. ബിഹാറിലെ ഗോപാൽഗണ്ഡിലെ മോതിപൂർ ഗ്രാമത്തിൽനിന്ന് തെൻറ ആറുദിവസം പ്രായമായകുഞ്ഞുമായി ചികിത്സക്കായി ദുരന്തഭൂമിയിലെത്തിയ ഒരു സാധാരണക്കാരൻ.
ആഗസ്റ്റ് 11ന് രാത്രി ഒാക്സിജൻ നിലച്ചതോടെ ഇരുവാർഡുകളിലും മരണം കുഞ്ഞുങ്ങളുടെ ജീവൻ ഒാരോന്നായി കവർന്നുകൊണ്ടിരുന്നു. അലമുറകളോടെ ഏകദേശം 25 മൃതദേഹങ്ങൾ ഇങ്ങനെ വാർഡുകളിൽനിന്ന് പുറത്തേക്ക് വന്നുകൊണ്ടിരുന്നു. ഞാൻ ഹൃദയമുരുകി പ്രാർഥിച്ചു...ദൈവമേ അക്കൂട്ടത്തിൽ എെൻറ കുഞ്ഞുണ്ടാവരുതേ...’
ആഗസ്റ്റ് എട്ടിനാണ് നാട്ടിലുള്ള ആശുപത്രിയിൽ പ്രസവിച്ച കുഞ്ഞിനെയുംകൊണ്ട് ഞാനും ഭാര്യയും ബി.ആർ.ഡി മെഡിക്കൽ കോളജിൽ എത്തുന്നത്. ഒാക്സിജൻ സംവിധാനമുള്ള ആംബുലൻസിലായിരുന്നു യാത്ര. എന്നാൽ, നിർഭാഗ്യവശാൽ കടുത്ത പനിയുള്ള കുഞ്ഞിനെ ചികിത്സക്കായി പ്രവേശിപ്പിക്കാൻ മെഡിക്കൽ കോളജ് അധികൃതർ തയാറായില്ല. തുടർന്ന് ബന്ധുക്കളിൽ നിന്ന് കടംവാങ്ങിയ പണത്തിൽ നിന്ന് ആശുപത്രിജീവനക്കാർക്ക് കൈക്കൂലി നൽകിയശേഷമാണ് കുഞ്ഞിനെ വാർഡിൽ പ്രവേശിപ്പിച്ചത്. പരിശോധിച്ച വനിതഡോക്ടർ ആദ്യമേ സൂചന നൽകി. കുഞ്ഞ് രക്ഷപ്പെടാനുള്ള സാധ്യത കുറവാണ്. പിറ്റേദിവസം കൈയിലുള്ള പണം മുഴുവൻ നൽകി മരുന്നുകൾ വാങ്ങിനൽകി. കുഞ്ഞിെൻറ സ്ഥിതി മെച്ചപ്പെട്ടതായി ഡോക്ടർമാർ പറഞ്ഞു. അതിനിടയിലാണ് ഒാക്സിജൻ തീർന്നത്.
ഒാരോ കുഞ്ഞിെൻറ മരണവും അറിയിച്ചുകൊണ്ട് മാതാപിതാക്കളുടെ പേരുകൾ ജീവനക്കാർ വിളിച്ചുകൊണ്ടിരുന്നു. എെൻറ പ്രാർഥനകൾക്ക് ഫലമുണ്ടായില്ല. രാത്രി 10 ഒാടെ വർഡിന് മുന്നിൽ എെൻറ പേരും മുഴങ്ങി.
മിടിക്കുന്ന ഹൃദയത്തോടെ ഞാൻ വാർഡിനുള്ളിലേക്ക് പാഞ്ഞു. അവിടെ എെൻറ കുഞ്ഞിെൻറ നിശ്ചലമായ ശരീരം കെട്ടിപ്പിടിച്ച് കരയുന്ന ഭാര്യയെയാണ് കാണാൻ കഴിഞ്ഞത്.
പണമില്ലാത്തതിനാൽ പിറ്റേദിവസം രാവിലെ െട്രയിൻ മാർഗമാണ് മകളുടെ മൃതദേഹവുമായി നാട്ടിലെത്തിയതെന്നും രാജഭർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.