ന്യൂഡൽഹി: എയർ ഇന്ത്യ വിറ്റൊഴിവാക്കാൻ കൂടുതൽ ഇളവുമായി കേന്ദ്രസർക്കാർ. അതിഭീമമായ കടബാധ്യതയുമായി വിമാനക്കമ്പനി ഏറ്റെടുക്കാൻ വ്യവസായികളെ തേടി പലവട്ടം വ്യവസ്ഥ മാറ്റിയിട്ടും ആരും വരാത്തതുകൊണ്ടാണ് വിൽപന നയത്തിൽ പുതിയ മാറ്റം.
അതനുസരിച്ച് സ്ഥാപനമൂല്യം അടിസ്ഥാനപ്പെടുത്തി കമ്പനി വിൽക്കും. ഓഹരിവില അടിസ്ഥാനപ്പെടുത്തിയുള്ള വിൽപനയാണ് നേരത്തേ നിശ്ചയിച്ചിരുന്നത്. ഓഹരിവില, കടബാധ്യത, എയർ ഇന്ത്യയുടെ നീക്കിയിരിപ്പു പണം എന്നിവയാണ് സ്ഥാപനമൂല്യം കണക്കാക്കുന്നതിന് പരിഗണിക്കുന്നത്.
എയർ ഇന്ത്യ മൊത്തമായി വിട്ടുകൊടുക്കുകയാണെങ്കിൽ, അതിനായി ഏറ്റെടുക്കാൻ തയാറാവുന്ന കടബാധ്യത, രൊക്കം പണമായി സർക്കാറിന് നൽകാൻ കഴിയുന്ന തുക എന്നിവ രേഖപ്പെടുത്തിക്കൊണ്ടുള്ള താൽപര്യപത്രം സമർപ്പിക്കാൻ ഡിസംബർ 14 വരെ സാവകാശവും നൽകിയിട്ടുണ്ട്. ജനുവരിയിൽ തുടങ്ങിയ വിൽപന ശ്രമങ്ങളുടെ കാലാവധിയാണ് പുതുക്കിയത്.
2019 മാർച്ച് 31ലെ കണക്കുപ്രകാരം എയർ ഇന്ത്യയുടെ കടബാധ്യത 58,255 കോടി രൂപയായിരുന്നു. ഇതുകൂടി ഏറ്റെടുക്കാൻ ആരുമില്ലെന്നു കണ്ടതോടെ ഓഹരി വിൽപന ശ്രമം പാളി. തുടർന്ന് 29,464 കോടി രൂപ എയർ ഇന്ത്യ അസറ്റ് ഹോൾഡിങ് കമ്പനിയുണ്ടാക്കി അങ്ങോട്ടു മാറ്റി. മറ്റു നീക്കുപോക്കുകൾ കൂടി കഴിച്ച് എയർ ഇന്ത്യയുടെ ഇപ്പോഴത്തെ കടബാധ്യത 23,286 കോടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.