ചെന്നൈ: ബോട്ടിൽ രഹസ്യമായി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച മാലദ്വീപ് മുൻ വൈസ് പ്രസിഡൻറ് അഹമദ് അദീബ് അബ്ദുൽ ഗഫൂറിനെ ശനിയാഴ്ച പുലർച്ച നാട്ടിലേക്ക് തിരിച്ചയച്ചു. ഇദ്ദേഹത്തോടൊപ്പം ‘വിർഗോ 9’ എന്ന ഇൗ ടഗ് ബോട്ടിലെ ജീവനക്കാരായ ഒമ്പതു പേരെയും മാലദ്വീപ് നാവിക സേന ഉദ്യോഗസ്ഥർക്ക് കൈമാറി. ഒരു ഇന്ത്യനും എട്ട് ഇന്തോനേഷ്യക്കാരും ഇതിലുൾപ്പെടും.
വ്യാഴാഴ്ച രാവിലെ തൂത്തുക്കുടി തുറമുഖത്തിന് നോട്ടിക്കൽ മൈലുകൾ അകലെ കേന്ദ്ര തീരദേശ സംരക്ഷണ സേനയാണ് ബോട്ട് തടഞ്ഞത്. തൂത്തുക്കുടി തുറമുഖത്ത് നങ്കൂരമിടാൻ ബോട്ടിന് അനുമതി നൽകിയിരുന്നില്ല. 48 മണിക്കൂറോളം കസ്റ്റഡിയിൽ ചോദ്യം ചെയ്തശേഷമാണ് അദീബിനെയും ബോട്ട് ജീവനക്കാരെയും മാല ദ്വീപ് സുരക്ഷ ഉദ്യോഗസ്ഥർക്ക് കൈമാറിയത്.
മതിയായ യാത്രാരേഖകളില്ലാത്തതിനാലാണ് കരക്കിറക്കാതെ പൊലീസ് ചോദ്യം ചെയ്തത്. വധശ്രമം ഉൾപ്പെടെ നിരവധി കേസുകൾ നേരിടുന്ന അദീബിനെ തിരിച്ചയക്കാൻ കേന്ദ്രവിദേശമന്ത്രാലയമാണ് ഉത്തരവിട്ടത്. മാലദ്വീപ് പ്രസിഡൻറായിരുന്ന അബ്ദുല്ല യമീനെ കൊല്ലാൻ ശ്രമിച്ച കേസിൽ അദീബിനെ 15 വർഷം ജയിൽശിക്ഷക്ക് വിധിച്ചിരുന്നു. മൂന്നു വർഷക്കാലം കഴിഞ്ഞനിലയിൽ 2018ൽ വീട്ടുതടങ്കലിലേക്ക് മാറ്റി. അഴിമതി, തീവ്രവാദം തുടങ്ങിയ നിരവധി കേസുകളിൽകൂടി പ്രതിയാണ് ഇദ്ദേഹം. ഇൗനിലയിലാണ് കള്ളബോട്ട് കയറി ഇന്ത്യയിൽ രാഷ്ട്രീയാഭയം തേടാൻ ശ്രമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.