ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിലെ ചട്ടങ്ങൾ പ്രകാരം പൗരത്വത്തിന് അപേക്ഷിക്കാൻ വെബ്സൈറ്റ് തയാറാക്കി കേന്ദ്രം. ഇന്ന് രാവിലെ മുതലാണ് വെബ്സൈറ്റ് പ്രവർത്തനം ആരംഭിച്ചത്. മൊബൈൽ ആപ്പും ഉടൻ തയാറാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സി.എ.എ-2019 പ്രകാരം 'യോഗ്യരായ' വ്യക്തികൾക്ക് indiancitizenshiponline.nic.in എന്ന പോർട്ടലിൽ പൗരത്വത്തിന് അപേക്ഷിക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം എക്സ് പോസ്റ്റിൽ വ്യക്തമാക്കി.
ജനന സർട്ടിഫിക്കറ്റ്, മറ്റേതെങ്കിലും തരത്തിലുള്ള തിരിച്ചറിയൽ രേഖ, ഭൂമി അല്ലെങ്കിൽ വാടക രേഖകൾ, അപേക്ഷകന്‍റെ മാതാപിതാക്കളോ മുത്തശ്ശിമാരോ മുത്തശ്ശിമാരോ പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലൊന്നിലെ പൗരന്മാരാണെന്ന് കാണിക്കുന്ന ഏതെങ്കിലും രേഖ എന്നിവ അപേക്ഷ നൽകാൻ ആവശ്യമാണ്.
2014 ഡിസംബർ 31-നോ അതിനുമുമ്പോ ഇന്ത്യയിൽ പ്രവേശിച്ച, ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി, ക്രിസ്ത്യൻ എന്നീ വിഭാഗങ്ങളിൽപ്പെട്ട വ്യക്തികൾക്കാണ് 2019-ലെ പൗരത്വ ഭേദഗതി നിയമത്തിന് കീഴിൽ ഇന്ത്യൻ പൗരത്വത്തിനുള്ള അപേക്ഷകൾ സമർപ്പിക്കാൻ കഴിയുന്നത്. അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്ക് അവരുടേതായ പ്രത്യേക ഇമെയിൽ ഐ.ഡിയും മൊബൈൽ നമ്പറും ഉണ്ടായിരിക്കണമെന്നും പോർട്ടലിൽ വ്യക്തമാക്കുന്നു.
അതേസമയം, പൗരത്വ ഭേദഗതി നിയമം ചട്ടങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവന്നതിനെതിരെ രാജ്യത്തുടനീളം പ്രക്ഷോഭമുയരുകയാണ്. കേന്ദ്ര സർക്കാറിന്‍റേത് ജനങ്ങളെ വർഗീയമായി ധ്രുവീകരിച്ച് തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനുള്ള നടപടിയാണെന്ന് പ്രതിപക്ഷ കക്ഷികൾ ചൂണ്ടിക്കാട്ടി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത ജാഗ്രതയാണുള്ളത്. അസ്സമിൽ പ്രതിപക്ഷം ഇന്ന് ഹർത്താലിന് അഹ്വാനം ചെയ്തിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.