ന്യൂഡല്‍ഹി: ലക്ഷക്കണക്കിന് വിദ്യാർഥികൾ അർഹമായി വിജയിച്ചിരിക്കെ അവരുടെ ഭാവി അപകടത്തിലാക്കി നീറ്റ് പരീക്ഷ റദ്ദാക്കില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. ദേശീയ പരീക്ഷാ ഏജൻസി (എൻ.ടി.എ)യുടെ പ്രവർത്തനം വിലയിരുത്താൻ സമിതി രൂപവത്കരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. വിദ്യാർഥികളെ ബാധിക്കുന്നതിനാൽ വിഷയം രാഷ്ട്രീയവത്കരിക്കരുതെന്ന് പ്രതിപക്ഷത്തോട് മന്ത്രി ആവശ്യപ്പെട്ടു.
മേയ് അഞ്ചിന് രാജ്യത്തുടനീളം 4,750 കേന്ദ്രങ്ങളിലായി 24 ലക്ഷം വിദ്യാർഥികൾ എഴുതിയ നീറ്റ് പരീക്ഷാഫലം ജൂൺ 14ന് പുറത്തുവരുമെന്നാണ് അറിയിച്ചിരുന്നത്. മൂല്യനിർണയം നേരത്തെ പൂർത്തിയായെന്നുപറഞ്ഞ് 10 ദിവസം മുമ്പ് ജൂൺ നാലിന് ഫലം പുറത്തുവന്നപ്പോൾ ചരിത്രത്തിലാദ്യമായി 67 കുട്ടികൾക്ക് മുഴുവൻ മാർക്കും ലഭിച്ചു.
ഹരിയാനയിലെ ഫരീദാബാദിൽനിന്നുള്ള കേന്ദ്രത്തിൽ മാത്രം ആറു കുട്ടികൾ മുഴുവൻ മാർക്ക് നേടിയത് ക്രമക്കേട് നടന്നെന്ന സംശയമുയർത്തി. സമയം കുറഞ്ഞെന്നുപറഞ്ഞ് കുട്ടികൾക്ക് ഗ്രേസ് മാർക്ക് അനുവദിച്ചത് ഇത്രയേറെ കുട്ടികൾക്ക് മുഴുവൻ മാർക്കും ലഭിക്കാനിടയാക്കി.
കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും എൻ.ടി.എ പ്രവർത്തനം പരിഷ്‍കരിക്കാനും പുനഃപരിശോധിക്കാനുമുള്ള ഉന്നതതല സമിതിയെ ഉടൻ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.