ഓൺലൈൻ ഗെയിമിങ്ങിന്​ 28 ശതമാനം നികുതി; അർബുദ മരുന്നുകളുടെ ജി.എസ്.ടി ഒഴിവാക്കി

ന്യൂഡൽഹി: ഓൺലൈൻ ഗെയിമിങ്​ സ്ഥാപനങ്ങളുടെ വരുമാനത്തിന്​ 28 ശതമാനം നികുതി ചുമത്താൻ തീരുമാനം. കുതിരപ്പന്തയം, കാസിനോകൾ എന്നിവക്കും ഇതേ നികുതി ചുമത്തും. മൊത്തം വരുമാനത്തിന്മേലാണ്​ 28 ശതമാനം നികുതി. ലോട്ടറി ഇതിന്‍റെ പരിധിയിൽ വരില്ല.

ചൊവ്വാഴ്ച ന്യൂഡൽഹിയിൽ ചേർന്ന ചരക്കുസേവന നികുതി (ജി.എസ്​.ടി) കൗൺസിലിന്‍റെ 50-ാമത് യോഗത്തിലാണ് തീരുമാനം. മറ്റു പ്രധാന തീരുമാനങ്ങൾ:

  • അർബുദത്തിനും അപൂർവ രോഗങ്ങൾക്കുമുള്ള മരുന്നുകൾ നികുതിയിൽ നിന്ന്​ ഒഴിവാക്കി.
  • രണ്ടു ലക്ഷം രൂപക്ക് മുകളിൽ വില വരുന്ന സ്വർണത്തിന്‍റെ കേരളത്തിനുള്ളിലെ ക്രയവിക്രയത്തിന്​ ഇ-വേ ബിൽ ഏർപ്പെടുത്തും.
  • സിനിമ തിയറ്ററുകളിലെ ഭക്ഷണ പാനീയങ്ങൾക്ക്​ ജി.എസ്​.ടി 18ൽ നിന്ന്​ അഞ്ചു ശതമാനമാക്കി കുറച്ചു. റസ്​റ്റാറന്‍റുകൾക്ക്​ സമാനമാണിത്​.
  • എസ്​.യു.വി ഇനത്തിൽപെട്ട വാഹനങ്ങൾക്ക്​ കൂടുതൽ സെസ്​ ഈടാക്കും. നാലു മീറ്ററിൽ കൂടുതൽ നീളം, 1500 സി.സി എൻജിൻ ശേഷി എന്നിങ്ങനെ വാഹന ഘടനക്കൊത്താണ്​ കൂടുതൽ സെസ്​.

തിരുവനന്തപുരത്തും കൊച്ചിയിലും ജി.എസ്​.ടി ട്രൈബ്യൂണൽ

അതേസമയം, ജി.എസ്​.ടി സംബന്ധമായ പരാതികൾ കേൾക്കുന്നതിന്​ തിരുവനന്തപുരത്തും കൊച്ചിയിലുമായി രണ്ട്​ ജി.എസ്​.ടി ട്രൈബ്യൂണൽ ബെഞ്ചുകൾ സ്ഥാപിക്കും. ജുഡീഷ്യൽ, ടെക്നിക്കൽ മെംബർമാർ ഉൾപ്പെടുന്ന രണ്ടംഗ ബെഞ്ചാണിത്​. ജി.എസ്​.ടി നടപ്പാക്കിയ 2017 മുതൽ ഒട്ടേറെ പരാതികൾ നിലനിൽക്കുന്നുണ്ടെങ്കിലും പരിഹാര സംവിധാനം ഇതുവരെ ഉണ്ടായിരുന്നില്ല. ബെഞ്ചിലേക്കുള്ള അംഗങ്ങളെ വൈകാതെ തീരുമാനിക്കുമെന്ന്​​ ധനമ​ന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. 

Tags:    
News Summary - GST on online gaming exemption for cancer drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.