ന്യൂഡൽഹി: കേന്ദ്രം നൽകാനുള്ള ചരക്കു സേവന നികുതി (ജി.എസ്.ടി) നഷ്ടപരിഹാര തുക മാസങ്ങളായി കുടിശ്ശികയായിരിെക്ക, ധനമന്ത്രി നിർമല സീതാരാമനു മുന്നിൽ കൈനീട്ടി പ്രതിപക്ഷ സംസ്ഥാനങ്ങൾ.
മാന്ദ്യം മൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടയിൽ സംസ്ഥാന സർക്കാറുകളെ കേന്ദ്രം വലക്കരുതെന്ന് ആവശ്യപ്പെട്ട് കേരളം അടക്കം ആറു സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരും ഡൽഹി പ്രതിനിധികളുമാണ് ധനമന്ത്രിയെ കണ്ടത്. എന്നാൽ, വ്യക്തമായ ഉറപ്പൊന്നുമില്ല. ഡൽഹി, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തിസ്ഗഡ്, പശ്ചിമ ബംഗാൾ, കേരളം എന്നീ സംസ്ഥാനങ്ങളാണ് കേന്ദ്രത്തെ സമീപിച്ചത്.
ആഗസ്റ്റ് മുതൽ നവംബർവരെയുള്ള നാലു മാസങ്ങളിലെ വിഹിതമാണ് വിട്ടുകിട്ടാനുള്ളത്. കേരളത്തിന് 3,200 കോടി രൂപ ഇങ്ങനെ കിട്ടാനുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഡൽഹിയിലെ പ്രത്യേക പ്രതിനിധി ഡോ. എ. സമ്പത്താണ് കേരളത്തെ പ്രതിനിധാനംചെയ്ത് കേന്ദ്ര ധനമന്ത്രിയെ കണ്ടത്. പാർലമെൻറ് പാസാക്കിയ ജി.എസ്.ടി നിയമത്തിലെയും ഭരണഘടനയിലെയും ചട്ടങ്ങൾ കേന്ദ്രം ലംഘിക്കുകയാണെന്ന് അവർ കുറ്റപ്പെടുത്തി. സ്കൂളും ആശുപത്രിയും ജയിലുമൊന്നും പൂട്ടിയിടാൻ കഴിയില്ല. പെൻഷെൻറയും കരാർ ജോലികളുടെയും പണം കൊടുക്കാതിരിക്കാനാവില്ല. എല്ലാ ദിവസവും പണം ചോദിച്ച് ഡൽഹിക്ക് വരാനാവില്ല.
കിട്ടാനുള്ള പണം ചോദിക്കുന്നത് കേന്ദ്രസർക്കാർ ഗൗരവത്തിലെടുക്കുന്നില്ല. ധനമന്ത്രി നേരിട്ട് വിഷയത്തിൽ ഇടപെടണം. ഏറ്റവും നേരേത്ത കുടിശ്ശിക നൽകാമെന്ന് ധനമന്ത്രി വാഗ്ദാനം ചെയ്തതായി നിവേദക സംഘാംഗങ്ങൾ പറഞ്ഞു. എന്നാൽ, സമയപരിധിയൊന്നും പറഞ്ഞില്ല. നേരിട്ടുവന്ന് പണം ചോദിക്കുന്നത് അസ്വസ്ഥത ഉളവാക്കുന്നുണ്ടെന്ന പരാമർശവും ധനമന്ത്രി നടത്തി.
പാർലമെൻറ് പാസാക്കിയ ഭരണഘടന ഭേദഗതിപ്രകാരം ജി.എസ്.ടി പ്രാബല്യത്തിൽ വരുത്തിയശേഷമുള്ള ആദ്യ അഞ്ചുവർഷങ്ങളിൽ സംസ്ഥാനങ്ങൾക്ക് നികുതി വരുമാനത്തിൽ ഉണ്ടാകുന്ന നഷ്ടം കേന്ദ്രം നികത്തിക്കൊടുക്കണം. ഈ തുകയാണ് ഇപ്പോൾ മാസങ്ങളായി കുടിശ്ശികയായത്. സംസ്ഥാനങ്ങളുടെ നികുതി വരുമാനത്തിൽ 60 ശതമാനവും ജി.എസ്.ടി വഴിയാണ്.
നിരക്കുകൾ കൂടാൻ സാധ്യത; സംസ്ഥാനങ്ങളോട് കേന്ദ്രം അഭിപ്രായം തേടി
ന്യൂഡൽഹി: ചരക്കു സേവന നികുതി (ജി.എസ്.ടി) പരിഷ്കരിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളുമായി കൂടിയാലോചന തുടങ്ങി. ജി.എസ്.ടി വരുമാനം തീരെ വർധിക്കാത്ത സാഹചര്യത്തിലാണ് നടപടി. ഈ മാസം അവസാനം നടക്കാൻ സാധ്യതയുള്ള മന്ത്രിതല യോഗത്തിനുമുമ്പ് അഭിപ്രായം അറിയിക്കാനാണ് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. 2017 മേയിൽ രാജ്യത്ത് 14.4 ശതമാനം ജി.എസ്.ടി നിരക്ക് ഉണ്ടായിരുന്നിടത്ത് നിലവിൽ അത് 11.6 ശതമാനത്തിലേക്കു കുറഞ്ഞുവെന്നാണ് റിസർവ് ബാങ്ക് കണക്ക്.
രണ്ടു ലക്ഷം േകാടി രൂപയുടെ വാർഷിക വരുമാനമാണ് ഇതിലൂടെ സർക്കാറിന് നഷ്ടം. നവംബറിലെ ജി.എസ്.ടി ലക്ഷം കോടി രൂപ കവിഞ്ഞെങ്കിലും അതിനു മുമ്പുള്ള മൂന്നു മാസം തുടർച്ചയായി ലക്ഷം കോടി രൂപയിൽ താഴെയായിരുന്നു. ജി.എസ്.ടി നടപ്പാക്കുന്നതിനുമുമ്പ് മിക്ക ഉൽപന്നങ്ങളുടെയും നികുതി ഏകദേശം 25 ശതമാനത്തിന് അടുത്തായിരുന്നുവെന്നും ജി.എസ്.ടി വന്നതോടെ അത് 18 ശതമാനത്തിലേക്കു താഴ്ന്നുവെന്നും സാമ്പത്തിക ഏജൻസിയായ ഡിലോയിറ്റ് ഇന്ത്യ വ്യക്തമാക്കുന്നു.
കാർ, പുകയില, കോള തുടങ്ങിയ ഉൽപന്നങ്ങളുടെ നികുതിയാണ് കേന്ദ്രം വർധിപ്പിക്കാൻ ഉദ്ദേശിക്കുന്നത്. കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നൽകേണ്ട ജി.എസ്.ടി വിഹിതം ലഭിക്കാത്തത് സംസ്ഥാനങ്ങളെയും വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.