അഹ്മദാബാദ്: അവസാന നിമിഷംവരെ ഇഞ്ചോടിഞ്ച് പോരടിച്ച് ആപ് നേതാക്കളും പ്രവർത്തകരും വീറും വാശിയും ആവേശവും കാണിച്ച ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ കളിക്കുമുമ്പേ കളമൊഴിഞ്ഞ മട്ടിലാണ് കോൺഗ്രസ്. ബി.ജെ.പിക്കെതിരെ കാര്യമായ പ്രചാരണവും പ്രത്യാക്രമണവും നടത്താതിരുന്ന കോൺഗ്രസ് നടത്തിയ പ്രചാരണം ബി.ജെ.പിയുമായുള്ള സൗഹൃദമത്സരം കണക്കെയായി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും നേരിട്ട് പ്രചാരണ നേതൃത്വം ഏറ്റെടുത്ത ഗുജറാത്തിൽ ഈ വർഷം ഏപ്രിലിനും നവംബറിനുമിടയിൽ 52 സന്ദർശനങ്ങളാണ് അരവിന്ദ് കെജ്രിവാൾ നടത്തിയത്. ഇവർക്കു പുറമെ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ബി.ജെ.പി മുഖ്യമന്ത്രിമാരായ യോഗി ആദിത്യനാഥ്, ശിവരാജ് സിങ് ചൗഹാൻ, ഹേമന്ത ബിശ്വ ശർമ, പ്രമോദ് സാവന്ത് തുടങ്ങിയ താരപ്രചാരകരെ ബി.ജെ.പി ഇറക്കിയപ്പോൾ കെജ്രിവാളിനു പുറമെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാനും നിരവധി റോഡ്ഷോകളുമായി വിവിധ മണ്ഡലങ്ങളിൽ ഇറങ്ങിക്കളിച്ചു.
കോൺഗ്രസ് നേതാവും ഗുജറാത്തിലെ മുൻ പ്രതിപക്ഷനേതാവുമായ പരേഷ് ധനാനി ബി.ജെ.പിയുടെ പ്രചാരണ കമ്മിറ്റി ഓഫിസിൽ കടന്നുചെന്ന് അവരുമായി ചായ പങ്കിട്ടാണ് പ്രചാരണത്തിന് അന്ത്യംകുറിച്ചത്. ഭാവ്നഗറിലെ ബി.ജെ.പി എം.എൽ.എ പുരുഷോത്തം സോളങ്കി ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിലായ രേവത് സിങ് ഗോഹിലിനെ ആശുപത്രിയിൽ സന്ദർശിച്ചു. അതേസമയം, ബി.ജെ.പി-ആപ് പോരിൽ ഇത്തരം സൗഹൃദങ്ങളൊന്നും ദൃശ്യമായില്ലെന്നു മാത്രമല്ല, ഇരുകൂട്ടരും പരസ്പരം ഏറ്റുമുട്ടുന്നതിനും മത്സരം പൊടിപാറിയ സൂറത്ത് സാക്ഷ്യംവഹിച്ചു.
മത്സരം മുറുകുന്നതിന് മുമ്പുതന്നെ ഇക്കുറി കളം വിട്ടുവെന്ന് വോട്ടർമാർ പറയുന്ന കോൺഗ്രസുമായിട്ടാണ് തങ്ങളുടെ മത്സരമെന്ന് ഒന്നാംഘട്ട തെരഞ്ഞെടുപ്പിന് തലേന്നാളും ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡ പറഞ്ഞുകൊണ്ടിരിക്കുന്നുണ്ടെങ്കിലും നിഷ്പക്ഷ വോട്ടർമാർ അത് നിഷേധിക്കുകയാണ്.
ബി.ജെ.പിയുടെ ഉറക്കംകെടുത്തിയത് ആപ് മാത്രമാണെന്ന് പാർട്ടി പക്ഷപാതങ്ങളില്ലാതെ വോട്ടർമാർ ഒരേ സ്വരത്തിൽ പറയുന്നു. ജനം മോദിക്ക് വോട്ടുചെയ്യുമെന്ന് ഉറപ്പിച്ചുപറയുന്ന താഴെതട്ടിലുള്ള ബി.ജെ.പി പ്രവർത്തകരും ആപ് പിടിക്കുന്ന വോട്ടുകളെക്കുറിച്ച് ഒന്നും പ്രവചിക്കാനാവില്ലെന്ന് സമ്മതിക്കുന്നു. അതേസമയം, ഈ പോരിൽ നിശ്ശബ്ദരായി നിന്ന് കോൺഗ്രസ് ഗുണഭോക്താക്കളാകുമോ എന്ന ആശങ്ക ആപ് സംസ്ഥാന സെക്രട്ടറി അടക്കമുള്ളവർ പങ്കുവെക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.