അഹ്മദാബാദ്: ഹൈന്ദവ പെൺകുട്ടികളെ 'കെണി'യിൽ പെടുത്തി ഒളിച്ചോടുന്നവർക്ക് മുന്നറിയിപ്പുമായി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി.
ഗോവധത്തിനെതിരെയും സർക്കാർ ശക്തമായ നടപടികൾ സ്വീകരിച്ചതായി അഹ്മദാബദിലെ വൈഷ്ണോദേവിയിലെ മൽദാരി സമുദായത്തിനെ അഭിമുഖീകരിച്ച് സംസാരിക്കവേ വിജയ് രൂപാണി പറഞ്ഞു. കാലിവളർത്തുകാരാണ് മൽദാരി സമുദായം.
'എന്‍റെ സർക്കാർ കർശനമായ വ്യവസ്ഥകളോടെ നിരവധി നിയമങ്ങൾ കൊണ്ടുവന്നു. പശുക്കളെ കശാപ്പിൽ നിന്ന് രക്ഷിക്കാനുള്ള നിയമം, ഭൂമി കൈയേറ്റം തടയാനുള്ള നിയമം, മാല പൊട്ടിക്കൽ തടയാനുള്ള നിയമമോ ആകട്ടെ' -അദ്ദേഹം പറഞ്ഞു.
'ലവ് ജിഹാദ്' തടയാൻ ഞങ്ങൾ ഒരു നിയമം കൊണ്ടുവന്നു. ഹിന്ദു പെൺകുട്ടികളെ കെണിയിൽ പെടുത്തി അവരുമായി ഒളിച്ചോടുന്നവരോട് ഞങ്ങൾ കർശനമായി ഇടപെടുന്നു' -വിജയ് രൂപാണി പറഞ്ഞു.
ഈ വർഷം ഏപ്രിലിലാണ് ഗുജറാത്ത് നിർബന്ധിത മതപരിവർത്തനം നടത്തി വിവാഹം ചെയ്യുന്നതിനെതിരെ നിയമം കൊണ്ടുവന്നത്. ഫ്രീഡം ഓഫ് റിലീജ്യസ് ആക്ട് 2003 ഭേദഗതിബില്ല് ഗുജറാത്ത് നിയമസഭ പാസാക്കുകയായിരുന്നു. വിവാഹത്തിന്‍റെ ഭാഗമായി മതപരിവർത്തനം നടത്തിയാൽ ഇനി നിർബന്ധിത മതപരിവർത്തന കുറ്റമായി പരിഗണിക്കും. മൂന്ന് മുതൽ 10 വർഷം വരെ കഠിന തടവും അഞ്ച് ലക്ഷം രൂപ പിഴയും ആണ് ശിക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.