അംറേലി (ഗുജറാത്ത്): ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിന് തിരിച്ചടിയായി സംസ്ഥാന കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് അംബരീഷ് ദേർ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേരുന്നു. അംറേലി ജില്ലയിലെ റജുല സിയമസഭ മണ്ഡലത്തിൽനിന്നുള്ള മുൻ എം.എൽ.എയാണ് അംബരീഷ് ദേർ. ചൊവ്വാഴ്ച ഗുജറാത്ത് ബി.ജെ.പി ആസ്ഥാനത്തെത്തി പാർട്ടിയിൽ ചേരുമെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.
2017 മുതൽ 2022 വരെ കോൺഗ്രസ് എം.എൽ.എയായി അംറേലി ജില്ലയിലെ റജുല മണ്ഡലത്തെ പ്രതിനിധീകരിച്ച അദ്ദേഹം 2022 ലെ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു. പ്രാണ പ്രതിഷ്ഠ ചടങ്ങിൽനിന്ന് വിട്ടു നിൽക്കാനുള്ള കോൺഗ്രസ് തീരുമാനത്തെ അംബരീഷ് നേരത്തേ വിമർശിച്ചിരുന്നു. എന്നാൽ, അംബരീഷിനെ പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് പുറത്താക്കിയതായി ഗുജറാത്ത് കോൺഗ്രസ് അധ്യക്ഷൻ ശക്തിസിങ് ഗോഹിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
അയോധ്യയിൽ പുതുതായി നിർമിച്ച രാമക്ഷേത്രം സന്ദർശിക്കേണ്ടതില്ലെന്ന പാർട്ടി നേതാക്കളുടെ തീരുമാനമാണ് കോൺഗ്രസ് വിടാനുള്ള പ്രധാന കാരണമെന്ന് ദേർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. താൻ മുമ്പ് ബി.ജെ.പിക്കൊപ്പമായിരുന്നതിനാൽ ഇത് ‘വീട്ടിലേക്കുള്ള തിരിച്ചുവരവ്’ ആയിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഒരു പ്രതീക്ഷയുമില്ലാതെയാണ് താൻ ബി.ജെ.പിയിൽ ചേരുന്നതെന്നും ഭരണകക്ഷി തനിക്ക് ഒന്നും വാഗ്ദാനം നൽകിയിട്ടില്ലെന്നും ദേർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.