representational image

ഡീസൽ ഓട്ടോറിക്ഷകളുടെ രജിസ്‌ട്രേഷൻ നിരോധിച്ച് ഗുരുഗ്രാം

ഹരിയാന: വായു മലിനീകരണം തടയുന്നതുമായി ബന്ധപ്പെട്ട കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്‌മെന്റ് (സി.എ.ക്യു.എം) ഉത്തരവ് പാലിക്കുന്നതിനായി ഗുരുഗ്രാമിലും മറ്റ് ജില്ലകളിലും ഡീസൽ ഓട്ടോറിക്ഷകളുടെ രജിസ്‌ട്രേഷൻ സമ്പൂർണമായി നിരോധിച്ച് ഹരിയാന ഗതാഗത വകുപ്പ് ഉത്തരവിട്ടു.

ഗുരുഗ്രാം ഉൾപ്പടെ ഹരിയാനയിൽ ഉടനീളം ഇനിമുതൽ സി.എൻ.ജി- ഇലക്ട്രിക് ഓട്ടോറിക്ഷകൾ മാത്രമേ രജിസ്റ്റർ ചെയ്യുകയുള്ളൂവെന്ന് സംസ്ഥാന ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് 2023 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്നു.

ഹരിയാന ട്രാൻസ്‌പോർട്ട് കമ്മീഷണർ പുറപ്പെടുവിച്ച ഉത്തരവിൽ എല്ലാ ഡീസൽ ഓട്ടോറിക്ഷകളും ഘട്ടംഘട്ടമായി നിർത്തലാക്കുന്നുണ്ടെന്ന് വിവിധ വകുപ്പ് ഓഫീസർമാരോട് ഉറപ്പാക്കാൻ നിർദ്ദേശം നൽകി. 2026 ഡിസംബർ 31-ഓടെ മുഴുവൻ ഡീസൽ ഓട്ടോറിക്ഷകളും നിർത്തലാക്കാനാണ് തീരുമാനം.

ഡീസൽ ഓട്ടോറിക്ഷകൾക്ക് താത്കാലിക രജിസ്‌ട്രേഷൻ നമ്പർ പോലും നൽകുന്നില്ലെന്ന് ഉറപ്പാക്കാൻ ഡി.ടി.ഒ മാർക്ക് കമ്മിഷണർ നിർദേശം നൽകിയതായി അധികൃതർ പറഞ്ഞു. എന്നാൽ ജനുവരി 4 വരെ നൽകിയിട്ടുള്ള താത്കാലിക നമ്പറുകൾ വാഹൻ പോർട്ടൽ വഴി രജിസ്റ്റർ ചെയ്യാൻ അനുവദിക്കും.

ഇതുസംബന്ധിച്ച ഉത്തരവിനെ കുറിച്ച് സൂചന ലഭിച്ചതോടെ 2023 ജനുവരി ഒന്ന് മുതൽ വിൽപന പൂർണ്ണമായി നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് ഡീലർമാരും വാഹന നിർമ്മാതാക്കളും ഡീസൽ പാസഞ്ചർ, ഗുഡ്സ് ത്രീ-വീലറുകൾ എന്നിവയ്ക്ക് വൻ കിഴിവ് വാഗ്ദാനം ചെയ്ത് തുടങ്ങിയിരുന്നു.

ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിന്റെ നിർദേശപ്രകാരം കഴിഞ്ഞ വർഷം മുതൽ ഡീസൽ ഓട്ടോറിക്ഷകൾ രജിസ്റ്റർ ചെയ്യുന്നത് നിർത്തിയതായി ഗുരുഗ്രാം ആർ.ടി.എ ഉദ്യോഗസ്ഥൻ പറഞ്ഞു. “നഗരത്തിൽ ഇപ്പോൾ 1,200-1,400 ഡീസൽ ഓട്ടോറിക്ഷകൾ മാത്രമാണ് പ്രവർത്തിക്കുന്നത്, ഞങ്ങൾ അവയുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പോലും പുതുക്കുന്നില്ല.

10 വർഷം പഴക്കമുള്ള ഡീസൽ, 15 വർഷം പഴക്കമുള്ള പെട്രോൾ ഓട്ടോറിക്ഷകൾ ഗുരുഗ്രാമിൽ നിന്ന് നീക്കം ചെയ്യാനുള്ള ദേശീയ ഹരിത ട്രൈബ്യൂണൽ (എൻ.ജി.ടി) ഉത്തരവ് കഴിഞ്ഞ വർഷം സമയപരിധിക്ക് മുമ്പുതന്നെ ഞങ്ങൾ നടപ്പാക്കി,” ആർ.ടി.എ ഉദ്യോഗസ്ഥർ പറഞ്ഞു.

അതേസമയം സംസ്ഥാന സർക്കാർ ഡീസൽ ഓട്ടോറിക്ഷകളുടെ രജിസ്‌ട്രേഷൻ നിർത്തിയിരുന്നെങ്കിലും ഉദ്യോഗസ്ഥർ അത് ലംഘിച്ചതായി ഹരിയാന ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി യോഗേഷ് ശർമ ആരോപിച്ചു.

“വായു മലിനീകരണം തടയാൻ സഹായിക്കുമെന്നതിനാൽ നിരോധനത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. എന്നാൽ പിൻവാതിൽ രജിസ്ട്രേഷൻ അംഗീകരിക്കാനാവുന്നതല്ല. ഇത്തരം സന്ദർഭങ്ങളിൽ ലക്ഷങ്ങൾ മുടക്കി വാഹനങ്ങൾ വാങ്ങുന്നവർ ദുരിതമനുഭവിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഗുരുഗ്രാം ആർ.ടി.എ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ഡീസൽ ഓട്ടോറിക്ഷകൾക്ക് പുറമേ, ഏകദേശം 31 പെട്രോൾ ഓട്ടോറിക്ഷകൾ, 8,970-ലധികം പെട്രോൾ-സി.എൻ.ജി ഓട്ടോറിക്ഷകൾ, 14,600 സി.എൻ.ജി ഓടുന്ന ചെറിയ ഓട്ടോറിക്ഷകൾ, 650-ലധികം ഇ.വി ഓട്ടോറിക്ഷകൾ എന്നിവ നിലവിൽ നഗരത്തിൽ ഓടുന്നുണ്ട്.

ഒരു ചെറിയ സി.എൻ.ജി ഓട്ടോറിക്ഷയ്ക്ക് കുറഞ്ഞത് 2.65 ലക്ഷം രൂപയും വലിയതിന് 3.2 ലക്ഷം രൂപയും ഇ.വി ഓട്ടോറിക്ഷകൾക്ക് 1.5 ലക്ഷം മുതൽ 1.75 ലക്ഷം രൂപ വരെ വിലയാണുള്ളതെന്നും അധികൃതർ കൂട്ടിച്ചേർത്തു.

വായു മലിനീകരണം തടയാൻ ആവശ്യമായ നടപടികൾ സംസ്ഥാന സർക്കാർ തുടരുമെന്ന് ഹരിയാന ഗതാഗത മന്ത്രി മൂൽ ചന്ദ് ശർമ്മ പറഞ്ഞു. നിലവിൽ കാറ്റഗറി തിരിച്ചുള്ള വാഹന നിരോധനം സംസ്ഥാനത്ത് ആസൂത്രണം ചെയ്തിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

Tags:    
News Summary - Gurugram bans registration of diesel autorickshaws

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.