സി.ബി.ഐ അന്വേഷണത്തിനുള്ള പൊതു അനുമതി പിൻവലിച്ച് കർണാടക

ബംഗളൂരു: കർണാടകയിലെ കേസുകളിൽ സി.ബി.ഐ അന്വേഷണത്തിനുള്ള പൊതു അനുമതി പിൻവലിച്ച് കർണാടക സർക്കാർ. വ്യാഴാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. മുഡ ഭൂമി ഇടപാട് കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യക്കും കുടുംബത്തിനുമെതിരെ അന്വേഷണം ആരംഭിക്കാനിരിക്കെയാണ് കർണാടക സർക്കാറിന്റെ പുതിയ നീക്കം. ഇതോടെ, കർണാടകയിലെ കേസുകളിൽ ഇനി സി.ബി.ഐക്ക് നേരിട്ട് ഇടപെടാനാവില്ല.

സംസ്ഥാന സർക്കാറിന് കത്തുനൽകി അനുമതി വാങ്ങിയ ശേഷമേ സി.ബി.ഐക്ക് റെയ്ഡോ അന്വേഷണമോ നടത്താനാവൂ. ഇതിനുപുറമെ, മന്ത്രിസഭയുടെ അനുമതിയോ ഉപദേശമോ ഇല്ലാതെ ഗവർണർക്ക് ഒരുതരത്തിലുള്ള വിശദീകരണവും നൽകരുതെന്ന് ചീഫ് സെക്രട്ടറിക്ക് സർക്കാർ നിർദേശം നൽകി.

1946ലെ ഡൽഹി സ്പെഷൽ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് (ഡി.എസ്.പി.ഇ) പ്രകാരം രൂപവത്കരിച്ച സി.ബി.ഐക്ക് കേന്ദ്രഭരണ പ്രദേശങ്ങൾക്ക് പുറത്ത് കേസെടുക്കാനുള്ള അനുമതിയാണ് കർണാടക റദ്ദാക്കിയത്.

കേരളം, തമിഴ്നാട്, തെലങ്കാന, പശ്ചിമ ബംഗാൾ, പഞ്ചാബ്, രാജസ്ഥാൻ തുടങ്ങി പത്തോളം സംസ്ഥാനങ്ങൾ നേരത്തെ ഈ തീരുമാനം കൈക്കൊണ്ടിരുന്നു. ഉപമുഖ്യമന്ത്രിയും കെ.പി.സി.സി അധ്യക്ഷനുമായ ഡി.കെ. ശിവകുമാറിനെ ലക്ഷ്യമിട്ട് സി.ബി.ഐ നടത്തിയ നീക്കവും ഖനന അഴിമതി കേസുകളിൽ മുൻ ബി.ജെ.പി മന്ത്രിമാരായ ഗാലി ജനാർദന റെഡ്ഡി, ശശികല ജോലെ, മുരുകേഷ് നിറാനി, കേന്ദ്രമന്ത്രിയും ജെ.ഡി-എസ് നേതാവുമായ എച്ച്.ഡി. കുമാരസ്വാമി എന്നിവർക്കെതിരെ കേസെടുക്കാൻ മടി കാണിക്കുന്നതുമടക്കമുള്ള വിഷയങ്ങളുടെ പശ്ചാത്തലത്തിലാണ് കർണാടക സർക്കാറിന്റെ തീരുമാനം.

മുഡ അഴിമതി ആരോപണ കേസിൽ ബി.ജെ.പിക്കായി സി.ബി.ഐ മുതലെടുപ്പ് നടത്താനുള്ള സാധ്യത തടയുക കൂടിയാണ് കർണാടക സർക്കാറിന്റെ ലക്ഷ്യം.

Tags:    
News Summary - Karnataka withdraws general permission for CBI probe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.