ന്യൂഡൽഹി: വാരാണസിയിലെ ഗ്യാൻവാപി മസ്ജിദ് വുദുഖാനയിലെ ‘ശിവലിംഗ’ത്തിന്റെ കാലപ്പഴക്കം നിർണയിക്കുന്നതിന് ശാസ്ത്രീയ സർവേ നടത്താൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് (എ.എസ്.ഐ) നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ഹരജിക്കാരായ നാലു വനിതകൾ സുപ്രീംകോടതിയെ സമീപിച്ചു.
വുദുഖാന ഒഴികെയുള്ള ഭാഗങ്ങളിൽ കോടതി നിർദേശപ്രകാരം നടത്തിയ സർവേ റിപ്പോർട്ട് നേരത്തേ എ.എസ്.ഐ ജില്ല കോടതിയിൽ സമർപ്പിച്ചിരുന്നു. ഇത് കക്ഷികൾക്ക് കൈമാറാൻ കോടതി അനുമതി നൽകുകയും ചെയ്തു. പുരാതന ക്ഷേത്രം തകർത്താണ് 17ാം നൂറ്റാണ്ടിൽ പള്ളി നിർമിച്ചതെന്ന് ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹിന്ദുവിഭാഗം അവകാശവാദം ഉന്നയിക്കുകയുമുണ്ടായി.
തുടർന്നാണ് കോടതി സംരക്ഷിത മേഖലയായി പ്രഖ്യാപിച്ച വുദുഖാനകൂടി സർവേയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി ഹരജിക്കാർ സുപ്രീംകോടതിയിലെത്തിയിരിക്കുന്നത്. നമസ്കാരത്തിനുമുമ്പ് വിശ്വാസികൾ അംഗശുദ്ധി വരുത്താൻ ഉപയോഗിക്കുന്ന വുദുഖാനയിലെ ജലധാരയാണ് ‘ശിവലിംഗ’മെന്ന് അവകാശപ്പെടുന്നതെന്നാണ് മുസ്ലിം വിഭാഗത്തിന്റെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.