ലഖ്നോ: ദയാവധത്തിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ച് ഗ്യാൻവ്യാപി കേസിലെ ഹരജിക്കാരി. രാഖി സിങാണ് രാഷ്ട്രപതി ദ്രൗപതി മുർമ്മുവിന് ബുധനാഴ്ച കത്തയച്ചത്. തനിക്കൊപ്പം ഹരജി നൽകിയവരും അവരുടെ അഭിഭാഷകരും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയാണെന്നും ഇതിൽ മനംനൊന്താണ് ദയാവധത്തിന് അനുമതി തേടുന്നതെന്നും കത്തിൽ പറഞ്ഞിട്ടുണ്ട്.
രാഖി സിങ്ങിനൊപ്പം നാല് ഹിന്ദു സ്ത്രീകൾ ചേർന്നാണ് കേസ് ഫയൽ ചെയ്തത്. വാരണാസിയിലെ സിവിൽ കോടതിയിൽ ആഗസ്റ്റ് 2021ലാണ് ഹരജി നൽകിയത്. ഗ്യാൻ വ്യാപി പള്ളിയിൽ ആരാധനക്ക് അനുമതി നൽകണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. കേസ് നിലവിൽ വാരണാസി ജില്ലാ കോടതിയാണ് പരിഗണിക്കുന്നത്.
കേസിൽ തന്റെ സഹഹരജിക്കാരായ ലക്ഷ്മി ദേവി, സീത സാഹു, മഞ്ജു വ്യാസ്, രേഖ പതക്, മുതിർന്ന അഭിഭാഷകൻ ഹരിശങ്കർ ജെയിൻ, ഇയാളുടെ മകൻ വിഷ്ണു ശങ്കർ ജെയിൻ എന്നിവർ തന്നെയും അമ്മാവനേയും അപമാനിക്കാൻ ശ്രമിക്കുകയാണെന്ന് ഹരജിക്കാരി പറഞ്ഞു. താൻ കേസ് പിൻവലിക്കാൻ പോവുകയാണെന്നാണ് അവർ പ്രചരിപ്പിക്കുന്നത്. എന്നാൽ, അത്തരമൊരു പ്രസ്താവന തന്റെ ഭാഗത്ത് നിന്നോ അമ്മാവന്റെ ഭാഗത്ത് നിന്നോ ഉണ്ടായിട്ടില്ല.
വ്യാജ പ്രചാരണങ്ങളെ തുടർന്ന് മുഴുവൻ ഹിന്ദു സമൂഹവും തനിക്കെതിരായി മാറി. ഇത് കടുത്ത മാനസിക സമ്മർദ്ദമുണ്ടാക്കുകയാണ്. അതുകൊണ്ടാണ് തനിക്ക് ദയാവധത്തിന് അനുമതി നൽകണമെന്ന് അഭ്യർഥിക്കുന്നത്. ജൂൺ ഒമ്പത് വരെ രാഷ്ട്രപതിയുടെ തീരുമാനത്തിനായി കാത്തിരിക്കുമെന്നും കത്തിൽ പറയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.