ഗ്യാൻവ്യാപി കേസ്: 'ശിവലിംഗം' കണ്ടെത്തിയെന്ന് പറയുന്ന സ്ഥലത്ത് സുരക്ഷ തുടരണം -സുപ്രീംകോടതി

ന്യൂഡൽഹി: 'ശിവലിംഗം' ആണെന്ന് സംഘ് പരിവാർ അവകാശപ്പെട്ട വാരാണസി ഗ്യാൻവാപി മസ്ജിദിന്റെ വുദുഖാനയിലെ ജലധാരക്ക് എട്ടാഴ്ചക്ക് കൂടി സംരക്ഷണം നൽകാൻ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ശിവലിംഗം ആണെന്ന അവകാശവാദമുന്നയിച്ച വിഷ്ണു ശങ്കർ ജെയിനിന് ആ കേസുമായി വരാണസി ജില്ലാ കോടതിയിലേക്ക് പോകാനും ചീഫ് ജസ്റ്റിസ് അനുമതി നൽകി.

അതേമസയം ഗ്യാൻവാപി പള്ളിക്ക് മേൽ പുതിയ അവകാശത്തർക്കത്തിന് തുടക്കമിട്ട അഡ്വക്കറ്റ് കമീഷണറുടെ നിയമനത്തിനെതിരെ നൽകിയ ഹരജി അസാധുവാണെന്ന സംഘ് പരിവാർ വാദത്തിന് മറുപടി നൽകാൻ അഞ്ജുമൻ ഇൻതിസാമിയ മസ്ജിദ് കമ്മിറ്റിയോട് ചീഫ് ജസ്റ്റിസ് നിർദേശിച്ചു. മൂന്നാഴ്ചക്കകം ഇതിന് മറുപടി നൽകണമെന്നും അത് കഴിഞ്ഞ് ഇക്കാര്യം പരിശോധിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

കഴിഞ്ഞ മെയ് മാസം 20ന് പുറപ്പെടുവിച്ച ഉത്തരവിൽ 'ശിവലിംഗം' ഉള്ള ഭാഗത്തിന് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ടതാണെന്ന് പറഞ്ഞാണ് ചീഫ് ജസ്റ്റിസ് സംരക്ഷണം ദീർഘിപ്പിച്ചത്. ജലധാരയെ 'ശിവലിംഗം' എന്ന് സുപ്രീംകോടതി തന്നെ പറഞ്ഞ് വുദുഖാനക്കും പള്ളിക്കും മേൽ പുതിയ അവകാശത്തർക്കത്തിന് വഴിവെക്കരുതെന്ന അഞ്ജുമൻ ഇൻതിസാമിയ മസ്ജിദ് കമ്മിറ്റി അഭിഭാഷകൻ ഹുസൈഫ അഹ്മദിയുടെ അപേക്ഷ തള്ളിയാണ് നേരത്തെ ജസ്റ്റിസ് ച​ന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് സംരക്ഷണ ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവി​ന്റെ കാലാവധി നവമ്പർ 12ന് തീരുന്നതിനാൽ ശിവലിംഗത്തിനുള്ള സംരക്ഷണം നീട്ടണമെന്നാണ് അഡ്വ. വിഷ്ണു ശങ്കർ ജെയിൻ ആവശ്യപ്പെട്ടതെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് ഉത്തരവിൽ കുറിച്ചു.

ഗ്യാൻവാപി മസ്ജിദുമായി ബന്ധപ്പെട്ട അഡ്വക്കറ്റ് കമീഷണറുടെ റിപ്പോർട്ടിനെതിരെ സമർപ്പിച്ച ഹരജി അസാധുവായെന്നും കമീഷണർക്ക് മുമ്പിൽ പള്ളിയുടെ പക്ഷത്തുള്ളവർ വരുന്നുണ്ടെന്നും വിഷ്ണു ശങ്കർ ജെയിനിന് വേണ്ടി ഹാജരായ അഡ്വ. രഞജിത് കുമാർ വാദിച്ചപ്പോൾ ഇതേ കുറിച്ച് എന്താണ് പറയാനുള്ളതെന്ന് ചീഫ് ജസ്റ്റിസ് ഹുസൈഫയോട് ചോദിച്ചു. പ്രഥമ ദൃഷ്ട്യാ ഹരജി നിലനിൽക്കില്ലെന്ന വാദം ശരിയല്ലെന്നും പള്ളിക്കുള്ളിൽ പരിശോധനക്ക് അഡ്വക്കറ്റ് കമീഷണറെ നിയമിച്ച ഉത്തരവിനെയാണ് ചോദ്യം ചെയ്തിരിക്കുന്നതെന്നും ഹുസൈഫ അഹ്മദി മറുപടി നൽകി.

പള്ളി കമ്മിറ്റിയുടെ ഹരജി അസാധുവാകുമോ എന്ന വിഷയത്തിൽ മറുപടി നൽകാൻ ഹുസൈഫക്ക് മൂന്നാഴ്ച നൽകുകയാണെന്നും അത് കഴിഞ്ഞ് പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. അതേസമയം ശിവലിംഗമാണെന്ന അവകാശവാദവുമായി വന്ന വിഷ്ണു ശങ്കർ ജെയിനിന് അതിനായുള്ള തന്റെ നിയമയുദ്ധം വരാണസി ജില്ലാ കോടതിയിലേക്ക് മാറ്റാൻ ബെഞ്ച് അനുമതി നൽകുകയും ചെയ്തു.

പള്ളിയിലെ വുദുഖാനയിലുള്ളത് ജലധാരയാണെന്നും ശിവലിംഗമാണെന്ന വാദം കേട്ട് സംരക്ഷണം നൽകി ഗ്യാൻവാപി പള്ളിയിലെ തർക്കത്തിന് തുടക്കമിടരുതെന്നുമുള്ള അഞ്ജുമൻ ഇൻതിസാമിയ മസ്ജിദ് കമ്മിറ്റിയുടെ അപേക്ഷ തള്ളിയ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് മെയ് 17നാണ് ആദ്യ സംരക്ഷണ ഉത്തരവ് പുറപ്പെടുവിച്ചത്. 

Tags:    
News Summary - Gyanvapi 'Shivling' to be protected until further orders: Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.