വാരാണസി: ഗ്യാൻവാപി മസ്ജിദിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) നടത്തിയ സർവേ റിപ്പോർട്ട് പരസ്യപ്പെടുത്തരുതെന്നും പുറത്തുവിടരുതെന്നും നിബന്ധനയോടെ ഹിന്ദു, മുസ്‍ലിം കക്ഷികൾക്ക് കൈമാറാമെന്നും വാരാണസി ജില്ല കോടതി.
ഇരുകക്ഷികളിൽനിന്നും സത്യവാങ്മൂലം എഴുതിവാങ്ങിയതിനുശേഷമേ റിപ്പോർട്ട് കൈമാറാൻ പാടുള്ളൂവെന്നും ജില്ല ജഡ്ജി എ.കെ. വിശ്വേഷ് വിധിച്ചു. ഹിന്ദുക്ഷേത്രം തകർത്താണോ 17ാം നൂറ്റാണ്ടിൽ മസ്ജിദ് നിർമിച്ചതെന്ന് കണ്ടെത്താൻ 2023 ജൂലൈ 21നാണ് എ.എസ്.ഐ സർവേക്ക് ജില്ല കോടതി അനുമതി നൽകിയത്. ഡിസംബർ 18ന് സീൽ ചെയ്ത കവറിൽ കോടതിക്ക് എ.എസ്.ഐ റിപ്പോർട്ട് സമർപ്പിച്ചു. എന്നാൽ, നാലാഴ്ചത്തേക്ക് സർവേ റിപ്പോർട്ട് പുറത്തുവിടരുതെന്ന് എ.എസ്.ഐ കോടതിയോട് അപേക്ഷിച്ചിരുന്നു.
പ്രയാഗ് രാജ്: ഗ്യാൻവ്യാപി മസ്ജിദിലെ വുദുഖാന സർവേ നടത്താൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് (എ.എസ്.ഐ) നിർദേശം നൽകണമെന്ന അപേക്ഷ വാരാണസി ജില്ല കോടതി തള്ളിയതിനെതിരായ ഹരജി പരിഗണിക്കുന്നതിൽനിന്ന് അലഹബാദ് ഹൈകോടതി ജഡ്ജി ജസ്റ്റിസ് മനീഷ് കുമാർ നിഗം പിന്മാറി. കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റാൻ ചീഫ് ജസ്റ്റിസിന്റെ പരിഗണനക്ക് വിട്ടു.
അടുത്ത വാദം ജനുവരി 31ന് നടക്കും. ആരാധനാലയം ഏതു വിഭാഗത്തിന്റേതാണെന്ന് നിശ്ചയിക്കാൻ, ശിവലിംഗം കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന ഭാഗം ഒഴികെയുള്ള വുദുഖാനയുടെ സർവേ നടത്തണമെന്നായിരുന്നു ഹരജിക്കാരിയായ രാഖി സിങ്ങിന്റെ വാദം. എന്നാൽ, ഈ ഭാഗം സംരക്ഷിക്കാൻ സുപ്രീംകോടതി ഉത്തരവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ല ജഡ്ജി സർവേക്ക് അനുമതി നിഷേധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.