വാരാണസി: ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ പുറത്തുവന്നത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ)യുടെ സർവേ റിപ്പോർട്ട് മാത്രമാണെന്നും വിധിയല്ലെന്നും പള്ളി നിയന്ത്രിക്കുന്ന അൻജുമൻ ഇൻതിസാമിയ മസ്ജിദ് കമ്മിറ്റി. റിപ്പോർട്ടിനെക്കുറിച്ച് പഠിച്ചതിനുശേഷമേ പ്രതികരിക്കൂ.
ഇത്തരം നിരവധി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. അതൊന്നും ഈ വിഷയത്തിലെ അന്തിമ വിധിയല്ല. 1991ലെ ആരാധനാലയ നിയമം സുപ്രീംകോടതി പരിഗണനക്കെടുമ്പോൾ തങ്ങളുടെ വാദമുഖങ്ങൾ അവതരിപ്പിക്കുമെന്നും കമ്മിറ്റി സെക്രട്ടറി മുഹമ്മദ് യാസീൻ പറഞ്ഞു.
1947 ആഗസ്റ്റ് 15ന് ശേഷം ആരാധനാലയങ്ങളുടെ മതപരമായ സ്വഭാവം മാറ്റരുതെന്നാണ് ആരാധനാലയ നിയമം നിഷ്കർഷിക്കുന്നത്. എന്നാൽ, ബാബരി മസ്ജിദ്-രാമക്ഷേത്ര തർക്കത്തെ ഇതിൽനിന്ന് ഒഴിവാക്കിയിരുന്നു.
പുരാതന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾക്കു മുകളിലാണ് 17ാം നൂറ്റാണ്ടിൽ മുഗൾ ഭരണാധികാരിയായ ഔറംഗസീബ് പള്ളി നിർമിച്ചതെന്ന് എ.എസ്.ഐയുടെ ശാസ്ത്രീയ സർവേ റിപ്പോർട്ട് ഉദ്ധരിച്ച് ഹിന്ദു വിഭാഗം അവകാശവാദം ഉന്നയിച്ചിരുന്നു. സർവേ റിപ്പോർട്ട് കേസിലെ കക്ഷികൾക്ക് കൈമാറാൻ വാരാണസി ജില്ല കോടതി ഉത്തരവിട്ടതിനെ തുടർന്നാണ് വിവരങ്ങൾ പുറത്തുവന്നത്.
കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേർന്ന ഗ്യാൻവാപി മസ്ജിദിൽ ഹിന്ദു ക്ഷേത്രാവശിഷ്ടങ്ങൾ കണ്ടെത്തിയതായി 839 പേജുള്ള റിപ്പോർട്ടിലുള്ളതായി കേസിലെ നാല് വനിത ഹരജിക്കാരുടെ അഭിഭാഷകനായ വിഷ്ണു ശങ്കർ ജെയിനാണ് വെളിപ്പെടുത്തിയത്. കെട്ടിടത്തിന്റെ അടിത്തറയിൽനിന്ന് വിഗ്രഹാവശിഷ്ടങ്ങൾ കണ്ടെടുത്തുവെന്നും ക്ഷേത്രത്തിന്റെ തൂണുകൾ പള്ളി നിർമാണത്തിന് ഉപയോഗിച്ചിട്ടുണ്ടെന്നും ക്ഷേത്രം തകർത്ത തീയതി പേർഷ്യൻ ഭാഷയിൽ കല്ലിൽ കൊത്തിവെച്ചിട്ടുണ്ടെന്നും ജെയിൻ പറഞ്ഞു.
ക്ഷേത്രമുണ്ടായിരുന്നുവെന്നതിന്റെ തെളിവ് 32 ഇടത്തുനിന്ന് കണ്ടെടുത്തതായി കക്ഷികളിലൊരാളായ രാഖി സിങ്ങിന്റെ അഭിഭാഷകൻ മദൻ മോഹൻ യാദവും അവകാശപ്പെട്ടു. തെളിവുകൾ ഫെബ്രുവരി ആറിന് കേസിലെ അടുത്ത വാദം നടക്കുമ്പോൾ കോടതിയിൽ ഹാജരാക്കുമെന്നും കോടതി തടഞ്ഞ വുദുഖാന സർവേ കൂടി നടത്താൻ ആവശ്യപ്പെടുമെന്നും അഭിഭാഷകർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.