ന്യൂഡൽഹി: ബി.ജെ.പി പിന്തുണയുള്ള പീപ്ൾസ് കോൺഫറൻസ് തലവനും മുൻ വിഘടനവാദി നേതാവുമായ സജ്ജാദ് ഗനി ലോണിനെ സർക്കാറുണ്ടാക്കാൻ ക്ഷണിക്കണമെന്ന് കേന്ദ്ര സർക്കാർ നിർബന്ധിച്ചതിനെ തുടർന്നാണ് കശ്മീർ നിയമസഭ പിരിച്ചുവിട്ടതെന്ന് ഗവർണർ സത്യപാൽ മലിക്. കഴിഞ്ഞ ബുധനാഴ്ച നാഷനൽ കോൺഫറൻസും മഹ്ബൂബ മുഫ്തിയുടെ പി.ഡി.പിയും കോൺഗ്രസ് പിന്തുണയോടെ സർക്കാറിന് അവകാശമുന്നയിച്ചതിന് തൊട്ടുപിന്നാലെയാണ് ഗവർണർ സഭ പിരിച്ചുവിട്ടത്.
ചരിത്രത്തിൽ സത്യസന്ധതയില്ലാത്ത ഒരാളായി അറിയപ്പെടാൻ ആഗ്രഹമില്ലാത്തതിനാലാണ് ഇരുപക്ഷത്തിെൻറയും ആവശ്യം തള്ളിയതെന്ന് മധ്യപ്രദേശിലെ ഗ്വാളിയോറിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. സഭ പിരിച്ചുവിട്ട നടപടി വൻ വിവാദമായതിനു പിന്നാലെ പിരിച്ചുവിടാനുള്ള കാരണം ഗവർണർ വിശദീകരിച്ചതും വിവാദമായി. ഡൽഹിയിൽനിന്നുള്ള നിർദേശം അനുസരിച്ചിരുന്നെങ്കിൽ ലോണിെൻറ നേതൃത്വത്തിൽ സർക്കാർ രൂപവത്കരിക്കേണ്ടിവരുമായിരുന്നുവെന്നും അത് തന്നെ ചരിത്രത്തിൽ അഴിമതിക്കാരനായി മുദ്രകുത്തുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ, എല്ലാം ഞാൻ അവിടെ അവസാനിപ്പിച്ചു. എന്നെ കുറ്റപ്പെടുത്തുന്നവർക്ക് അത് തുടരാം. പേക്ഷ, ശരിയായ കാര്യമാണ് ചെയ്തതെന്ന വിശ്വാസം എനിക്കുണ്ട് -മലിക് പറഞ്ഞു. പിന്നീട്, ചാനലിന് നൽകിയ അഭിമുഖത്തിലും ഗവർണർ ഇക്കാര്യം ആവർത്തിച്ചു.
പി.ഡി.പി മേധാവി മഹ്ബൂബ മുഫ്തിയും നാഷനൽ കോൺഫറൻസ് നേതാവ് ഉമർ അബ്ദുല്ലയും സർക്കാർ രൂപവത്കരിക്കുന്നതിന് തന്നെ ബന്ധപ്പെടാൻ കാര്യമായ ശ്രമം നടത്തിയില്ലെന്ന വാദത്തിൽ ഗവർണർ ഉറച്ചുന്നു. ‘‘നിങ്ങൾക്ക് ഫാക്സ് ചെയ്യാനാവുന്നില്ലെങ്കിൽ എന്നെ ഫോണിൽ വിളിച്ചൂകൂടെ? അല്ലെങ്കിൽ ജമ്മുവിൽ വന്ന് കണ്ടുകൂടെ?’’ അദ്ദേഹം ചോദിച്ചു.
അതേസമയം, ഭൂരിപക്ഷം തെളിയിക്കാൻ സഭയിൽ അവസരം നൽകുന്നതിനുപകരം നിയമസഭ പിരിച്ചുവിട്ട ഗവർണറുടെ നടപടി കേന്ദ്ര സർക്കാറിന് വേണ്ടിയുള്ളതാണെന്ന് നാഷനൽ കോൺഫറൻസ് മേധാവി ഫാറൂഖ് അബ്ദുല്ല കുറ്റപ്പെടുത്തി. ‘‘നിയമസഭയിലാണ് ഭൂരിപക്ഷം തെളിയിക്കേണ്ടത്, രാജ്ഭവനിലല്ല. അല്ലെങ്കിൽ എന്തുകൊണ്ട് ഗവർണർ നേരത്തേ നിയമസഭ പിരിച്ചുവിട്ടില്ല?’’ഫാറൂഖ് അബ്ദുല്ല ചോദിച്ചു.
കഴിഞ്ഞ ബുധനാഴ്ചയാണ് ഗവർണർ ജമ്മു-കശ്മിർ നിയമസഭ പിരിച്ചുവിട്ടത്. പി.ഡി.പി-കോൺഗ്രസ്-നാഷനൽ കോൺഫറൻസ് പാർട്ടികൾ ഒരുഭാഗത്തും രണ്ടംഗങ്ങളുള്ള സജ്ജാദ് ലോണിെൻറ പീപ്ൾസ് കോൺഫറൻസിെൻറ സഹായത്തോടെ ബി.ജെ.പി മറുഭാഗത്തും അണിനിരന്ന് കൂട്ടുസർക്കാർ രൂപവത്കരിക്കാൻ അവകാശവാദം ഉന്നയിച്ചിരുന്നു. സർക്കാറുണ്ടാക്കാൻ അവകാശവാദമുന്നയിച്ച് പി.ഡി.പി, കോൺഗ്രസ്, നാഷനൽ കോൺഫറൻസ് നേതാക്കൾ ഗവർണറെ കാണാനിരിക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷിത നീക്കം. ബി.ജെ.പി പിന്തുണ പിൻവലിച്ചതിനെ തുടർന്നാണ് ജൂൺ 16ന് പി.ഡി.പിയുടെ മഹ്ബൂബ മുഫ്തി മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചത്. ഗവർണർ ഭരണത്തിെൻറ കാലാവധി ഡിസംബർ 19ന് അവസാനിക്കുന്നതിനിടെയാണ് രാഷ്ട്രീയ പാർട്ടികൾ സർക്കാറുണ്ടാക്കാനുള്ള നീക്കം സജീവമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.