ന്യൂഡൽഹി: ഈവർഷത്തെ ഹജ്ജ് തീർഥാടനത്തിൽ അൽ ഇസ്ലാം ടൂർ കോർപറേഷൻസ് എന്ന സ്ഥാപനത്തെ സ്വകാര്യ ടൂർ ഓപറേറ്ററായി പരിഗണിച്ച് സംഘാടകപട്ടികയിൽ ഉൾപ്പെടുത്തണമെന്ന ഹരജി സുപ്രീംകോടതി ഫയലിൽ സ്വീകരിക്കാതെ തള്ളി.
ഈ വർഷത്തെ ഹജ്ജ് യാത്രയുമായി ബന്ധപ്പെട്ട നടപടികൾ ഏറെ മുന്നോട്ടുപോയതിനാൽ ഹരജി പരിഗണിക്കാൻ കഴിയില്ലെന്നും സമാനമായ അപേക്ഷകൾ നേരത്തെ തള്ളിയതാണെന്നും ജസ്റ്റിസുമാരായ അബ്ദുൽ നസീർ, പി.എസ്. നരസിംഹ എന്നിവർ വ്യക്തമാക്കി. അപേക്ഷ ന്യായയുക്തമായിരിക്കാം. എന്നാൽ, ഒരു മാസം മുമ്പെങ്കിലും ഹരജി നൽകേണ്ടിയിരുന്നു. ഇനി തീർഥയാത്രക്ക് അധിക നാളില്ല. അതുകൊണ്ട് ഹരജി പിൻവലിക്കുകയേ മാർഗമുള്ളൂവെന്ന് കോടതി പറഞ്ഞു.
ഹജ്ജ് കമ്മിറ്റിയുടെ മാർഗനിർദേശപ്രകാരം ഓൺലൈനിൽ നൽകിയ അപേക്ഷ തീരുമാനമെടുക്കാതെ വെക്കുകയായിരുന്നുവെന്ന് ഹരജിക്കാർ ചൂണ്ടിക്കാട്ടി. ഹജ്ജ് ഗ്രൂപ് സംഘാടകരായി 2019ൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചതാണ്. 50 തീർഥാടകരെ കൊണ്ടുപോകാൻ അനുമതി നൽകുകയും ചെയ്തു. എന്നാൽ, ഒരാളുടെ പരാതി മുൻനിർത്തി സ്വാഭാവികനീതി നിഷേധിച്ച് തങ്ങളെ പട്ടികയിൽനിന്ന് ഒഴിവാക്കിയെന്ന് അൽ ഇസ്ലാം ടൂർ കോർപറേഷൻസ് ഹരജിയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.