മുംബൈ: ഹനുമാൻ ചാലിസയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായി പുറത്തിറങ്ങിയ അമരാവതി എം.പി നവനീത് റാണയുടെയും ഭർത്താവും എം.എൽ.എയുമായ രവി റാണയുടെയും ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുംബൈ പൊലീസ് പ്രത്യേക കോടതിയെ സമീപിച്ചു. മാധ്യമങ്ങളോട് സംസാരിക്കരുതെന്ന വ്യവസ്ഥ ഇരുവരും ലംഘിച്ചതിനാൽ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പൊലീസ് കോടതിയിൽ ഹരജി നൽകിയത്.
മാധ്യമങ്ങളോട് സംസാരിക്കരുത്, സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത് എന്നീ ഉപാധികളോടെ മെയ് നാലിന് ഇരുവർക്കും കോടതി ജാമ്യം അനുവദിച്ചത്.
ജയിൽ മോചിതരായ ശേഷം ഇരുവരും മാധ്യമങ്ങളുമായി സംസാരിച്ചിരുന്നു. ഇവരുടെ ജാമ്യം റദ്ദാക്കാനും കസ്റ്റഡിയിലെടുക്കാനുമുള്ള നീക്കം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വസതിക്ക് പുറത്ത് ഹനുമാൻ ചാലിസ ചൊല്ലുമെന്ന് വെല്ലുവിളിച്ചതിനെ തുടർന്ന് ഏപ്രിൽ 23നാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. രാജ്യദ്രോഹം, വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.