പ്രചാരണ വിഡിയോയിൽ കുട്ടിയെ കാണിച്ചു; ഹരിയാന ബി.ജെ.പിക്ക് നോട്ടിസ് അയച്ച് തെരഞ്ഞെടുപ്പ് കമീഷൻ

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രചാരണ വിഡിയോയിൽ കുട്ടിയെ കാണിച്ച സംഭവത്തിൽ ബി.ജെ.പി ഹരിയാന യൂണിറ്റിന് തെരഞ്ഞെടുപ്പ് കമീഷൻ നോട്ടിസ് അയച്ചു. പാർട്ടി സംസ്ഥാന ഘടകം എക്സിൽ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് കുട്ടിയെ കാണിച്ചത്. പ്രചാരണ പരിപാടികളിൽ കുട്ടികളെ ഉപയോഗിക്കരുതെന്ന് ഫെബ്രുവരിയിൽ തെരഞ്ഞെടുപ്പ് കമീഷൻ കർശന നിർദേശം പുറപ്പെടുവിച്ചിരുന്നു. നിർദേശം ലംഘിച്ച പശ്ചാത്തലത്തിൽ വ്യാഴാഴ്ച വൈകിട്ട് ആറിനകം ബി.ജെ.പി വിശദീകരണം നൽകണമെന്ന് കമീഷൻ നോട്ടിസിൽ വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് കമീഷന്‍റെ ചട്ടപ്രകാരം കുട്ടികളെ പ്രചാരണത്തിന് ഉപയോഗിക്കുന്നത് ബാലവേലയായി കണക്കാക്കും. എന്നാൽ മാതാപിതാക്കളോടൊപ്പം നേതാക്കൾക്കരികിൽ കുട്ടികൾ പ്രത്യക്ഷപ്പെടുന്നത് ഇതിന്‍റെ പരിധിയിൽ വരില്ല. ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർമാർ, റിട്ടേണിങ് ഓഫിസർമാർ എന്നിവർക്കാണ് ചട്ടം ഉറപ്പാക്കേണ്ട ഉത്തരവാദിത്തമുള്ളത്. ലംഘിക്കപ്പെട്ടാൽ കർശന അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ഫെബ്രുവരി അഞ്ചിന് പുറത്തിറക്കിയ പത്രക്കുറിപ്പിൽ തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമാക്കിയിരുന്നു.

ഒക്ടോബർ ഒന്നിനാണ് ഹരിയാനയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. സമൂഹമാധ്യമങ്ങൾ കർശന നിരീക്ഷണത്തിലാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ അറിയിച്ചു. അപകീർത്തികരമോ വിദ്വേഷം പരത്തുന്ന തരത്തിലോ ഉള്ള പ്രചാരണങ്ങൾ അനുവദിക്കില്ല. പത്രങ്ങളിലും ദൃശ്യമാധ്യമത്തിലുമുൾപ്പെടെ നൽകുന്ന പരസ്യവും നിരീക്ഷിക്കുന്നുണ്ട്.

Tags:    
News Summary - Haryana BJP Gets Poll Body Notice For Featuring Child In Campaign Video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.