ലഖ്നോ: ഉത്തർപ്രദേശിലെ ഹാഥറസിൽ പ്രാർഥനാ യോഗത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 121 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി സ്വയം പ്രഖ്യാപിത ആൾദൈവമായ ഭോലെ ബാബ. തിക്കിലും തിരക്കിലുംപെട്ട് താൻ വിഷാദത്തിലായിരുന്നെന്നും ജുഡീഷ്യറിയിൽ വിശ്വസിക്കാൻ ദുരിതബാധിതരായ കുടുംബങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും സ്വയം പ്രഖ്യാപിത ആൾദൈവമായ 'ഭോലെ ബാബ' എന്ന നാരായൺ സകർ വിശ്വഹരി ഭോലെ ബാബ പറഞ്ഞു. 121 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ മുഖ്യപ്രതി ദേവ് പ്രകാശ് മധുകർ ന്യൂഡൽഹിയിൽ പൊലീസിന് കീഴടങ്ങി മണിക്കൂറുകൾക്ക് ശേഷമാണ് ഭോലെ ബാബയുടെ പ്രസ്താവന വരുന്നത്. ഭോലെ ബാബ ഒളിവിലാണെന്നും ഇയാളെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായും ആഗ്ര അഡീഷനൽ ഡിജിപി അനുപം കുലശ്രേഷ്ഠ പറഞ്ഞു.
'ദൈവം ഞങ്ങൾക്ക് ഈ വേദന താങ്ങാനുള്ള ശക്തി നൽകട്ടെ. ദയവായി സർക്കാരിലും ഭരണത്തിലും വിശ്വസിക്കുക. അരാജകത്വം സൃഷ്ടിച്ച ആരെയും വെറുതെ വിടില്ലെന്ന് എനിക്ക് വിശ്വാസമുണ്ട്. മരിച്ചുപോയവർക്കും അവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും ഒപ്പമാണ് ഞാൻ. അവരോടൊപ്പം നിൽക്കാനും അവരുടെ ജീവിതത്തിലുടനീളം അവരെ സഹായിക്കാനും എന്‍റെ അഭിഭാഷകൻ എ.പി. സിംഗ് മുഖേന, ഞാൻ കമ്മിറ്റി അംഗങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്'. ഭോലെ ബാബ പറഞ്ഞു. മാധ്യമങ്ങളെ സത്സംഗത്തിൽ നിന്ന് എപ്പോഴും അകറ്റിനിർത്തുന്ന ‘ബാബ’ വ്യക്തിപരമായ വിവരങ്ങളൊന്നും പങ്കുവെക്കാറില്ല. സംസ്ഥാന ഭരണകൂടവുമായും പൊലീസുമായും സഹകരിക്കാൻ ഭോലെ ബാബ തയ്യാറാണെന്നും മുഴുവൻ വിഷയത്തിലും അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഭോലെ ബാബയുടെ അഭിഭാഷകൻ അറിയിച്ചു.
ഡൽഹിയിൽ കീഴടങ്ങിയ ദേവ് പ്രകാശ് മധുകാറിനെ യു.പി പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ്, രാജസ്ഥാൻ, ഹരിയാന എന്നിവടങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ദേവ് പ്രകാശ് മധുകാർ ഡൽഹിയിൽ കീഴടങ്ങിയത്. ജൂലൈ രണ്ടിന് നടന്ന സംഭവത്തിനുശേഷം ഒളിവിൽപോയ പ്രതിയെ കണ്ടെത്തുന്നതിനായി പൊലീസ് ഒരുലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. സമ്മേളനത്തിന്റെ സംഘാടകരായ രണ്ട് വനിതകൾ ഉൾപ്പടെ ആറുപേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രാർഥനാ യോഗത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 121 പേർ മരിക്കാനിടയായതിൽ സംഘാടകർക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.