ന്യൂഡൽഹി: പട്ടികവർഗക്കാരുൾപ്പെടെ കഷ്ടതയനുഭവിക്കുന്ന ജനവിഭാഗങ്ങൾക്കായി എൻ.ഡി.എ സ്ഥാനാർഥി ദ്രൗപദി മുർമുവിനെക്കാൾ കേന്ദ്രമന്ത്രിയായിരുന്ന സമയത്ത് താൻ പ്രവർത്തിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷ രാഷ്ട്രപതി സ്ഥാനാർഥി യശ്വന്ത് സിൻഹ. വാജ്പേയി മന്ത്രിസഭയിൽ ധനമന്ത്രിയായപ്പോൾ തന്റെ ബജറ്റുകളിൽ ദുർബല വിഭാഗങ്ങൾക്കായി മാറ്റിവെച്ച തുക പരിശോധിക്കാം. മുർമു ഝാർഖണ്ഡ് ഗവർണറായിരുന്നു. എന്തു നടപടിയാണ് ആദിവാസി വിഭാഗങ്ങളുടെ ഉന്നമനത്തിനായി അവർ സ്വീകരിച്ചതെന്നും അദ്ദേഹം ചോദിച്ചു. സ്വത്വമല്ല മറിച്ച് രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ വിഷയം ആശയസംഹിതയാണ്. ഏത് ആശയത്തെയാണ് മുർമു പ്രതിനിധാനംചെയ്യുന്നത്, ഏത് ആശയത്തെയാണ് താൻ പ്രതിനിധാനംചെയ്യുന്നത് എന്നതാണ് ചോദ്യമെന്നും സിൻഹ വാർത്ത ഏജൻസി പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയെ സിൻഹ വാനോളം പുകഴ്ത്തി. വാജ്പേയി പാർട്ടിയെ നയിച്ച കാലഘട്ടത്തിലെ പ്രവർത്തനങ്ങളിൽ അഭിമാനമുണ്ട്. നിലവിലെ ബി.ജെ.പി വാജ്പേയിയുടെ ബി.ജെ.പിയിൽനിന്ന് തിരിച്ചറിയാൻ പറ്റാത്ത വിധം മാറി. നരേന്ദ്ര മോദി സർക്കാറിന്റെ ഭരണത്തിൽ ജനാധിപത്യം ഭീഷണി നേരിടുകയാണ്. വാജ്പേയി അഭിപ്രായൈക്യത്തിന് പ്രാധാന്യം നൽകിയ വ്യക്തിയായിരുന്നു. എന്നാൽ, നിലവിലെ സർക്കാർ പൊതുസമ്മതം എന്നതിൽ വിശ്വസിക്കുന്നില്ല -സിൻഹ പറഞ്ഞു.
ദ്രൗപദി മുർമു ഡൽഹിയിൽ; നരേന്ദ്ര മോദിയെയും അമിത് ഷായെയും കണ്ടു
ന്യൂഡൽഹി: ദേശീയ ജനാധിപത്യ സഖ്യ(എൻ.ഡി.എ)ത്തിന്റെ രാഷ്ട്രപതി സ്ഥാനാർഥി ദ്രൗപദി മുർമു പത്രിക സമർപ്പണത്തിന് മുന്നോടിയായി വ്യാഴാഴ്ച ഡൽഹിയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായി മുർമു കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ച മുർമു നാമനിർദേശ പത്രിക സമർപ്പിക്കുമെന്നാണ് സൂചന. പ്രധാനമന്ത്രിയായിരിക്കും ആദ്യ നാമനിർദേശകൻ. അതോടൊപ്പം മറ്റു കേന്ദ്ര മന്ത്രിമാരും മുതിർന്ന ബി.ജെ.പി നേതാക്കളും പേര് നിർദേശിക്കാനുണ്ടാവും.
ദ്രൗപദി മുർമുവിനെ കണ്ടുവെന്നും സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളും അവരുടെ സ്ഥാനാർഥിത്വത്തെ പ്രശംസിച്ചുവെന്നും മോദി പറഞ്ഞു. അടിത്തട്ടിലുള്ള പ്രശ്നങ്ങളെ കുറിച്ച അവരുടെ അറിവും ഇന്ത്യയുടെ വികസനത്തെ കുറിച്ചുള്ള കാഴ്ചപ്പാടും ശ്രദ്ധേയമാണെന്നും മോദി ട്വിറ്ററിൽ കുറിച്ചു. ഡൽഹിയിൽ വിവിധ രാഷ്ട്രീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം രാജ്യവ്യാപകമായ കാമ്പയിന് മുർമു തിരിക്കും.
എൻ.ഡി.എയുടെമാത്രം 49 ശതമാനം വോട്ടുറപ്പിച്ച മുർമു ഒഡിഷയിലെ ബിജു ജനതാദൾ അടക്കമുള്ള സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചതോടെ ജയമുറപ്പിച്ച നിലയിലാണ്. ജയിച്ചാൽ ഇന്ത്യയുടെ പ്രഥമ ആദിവാസി രാഷ്ട്രപതിയാകും ദ്രൗപദി മുർമു. മുൻ ബി.ജെ.പി നേതാവായ പ്രതിപക്ഷ പൊതു സ്ഥാനാർഥി യശ്വന്ത് സിൻഹ 27ന് നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം സംസ്ഥാനങ്ങളിലേക്ക് പ്രചാരണത്തിനായി തിരിക്കും.
ജമ്മു-കശ്മീരിന് രാഷ്ട്രപതി തെരഞ്ഞെടുപ്പ് നഷ്ടമാകുന്നത് രണ്ടാംതവണ
ന്യൂഡൽഹി: ജമ്മു-കശ്മീർ നിയമസഭയുടെ ചരിത്രത്തിൽ രാഷ്ട്രപതി തെരഞ്ഞെടുപ്പ് നഷ്ടമാകുന്നത് രണ്ടാംതവണ. 2019ൽ ബി.ജെ.പി സർക്കാർ സംസ്ഥാനത്തിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് രണ്ട് കേന്ദ്രഭരണ പ്രദേശമായി വിഭജിച്ചതാണ് ഇത്തവണ തിരിച്ചടിയായത്. ഭരണഘടന പ്രകാരം സംസ്ഥാന നിയമസഭ അംഗങ്ങളാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ ഭാഗമാകേണ്ടത്. ജമ്മു-കശ്മീർ പുനഃസംഘടന നിയമം ജമ്മു-കശ്മീർ നിയമസഭകൾ അനുവദിക്കുന്നുണ്ടെങ്കിലും വിവിധ കാരണങ്ങൾമൂലം ഇതുവരെ രൂപവത്കരിച്ചിട്ടില്ല. 1992ലാണ് ഇതിനുമുമ്പ് ജമ്മു-കശ്മീരിന് രാഷ്ട്രപതി തെരഞ്ഞെടുപ്പും ലോക്സഭ തെരഞ്ഞെടുപ്പും നഷ്ടമായത്. കലാപത്തെതുടർന്ന് ജമ്മു-കശ്മീർ നിയമസഭ പിരിച്ചുവിട്ട വേളയിലായിരുന്നു രാഷ്ട്രപതി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നത്. 1974ൽ ഗുജറാത്തിനാണ് ആദ്യമായി നിയമസഭ പിരിച്ചുവിട്ടതിന്റെ പേരിൽ രാഷ്ട്രപതി തെരഞ്ഞെടുപ്പ് നഷ്ടമായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.