ബംഗളൂരു: ഹാവേരി ഹംഗലിൽ ഈ മാസം എട്ടിന് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ പൊലീസ് ഇൻസ്പെക്ടർക്കും കോൺസ്റ്റബിളിനും സസ്പെൻഷൻ. ഹംഗൽ പൊലീസ് ഇൻസ്പെക്ടർ എസ്.ആർ. ശ്രീധർ, കോൺസ്റ്റബിൾ ഇല്യാസ് സനദി എന്നിവരെയാണ് ജില്ല പൊലീസ് സൂപ്രണ്ട് അൻഷു കുമാർ സസ്പെൻഡ് ചെയ്തത്.
കൃത്യനിർവഹണ വീഴ്ചയും അന്വേഷണത്തിലെ കാലതാമസവുമാണ് നടപടിക്കാധാരം.
സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തു. അക്കി അലൂർ സ്വദേശി മഫീദ് ഒണികേരിയാണ് (23) അറസ്റ്റിലായത്. മദരസാബ് മണ്ഡകിയിലെ അഫ്താബ് ചന്ദനക്കട്ടി (24), അക്കി അലൂരിലെ അബ്ദുല്ല ഖാദർ (25), ജാഫർ ഹഞ്ചിമണി (22), അക്കി അലൂർ സ്വദേശികളായ ഇംറാൻ ബഷീർ ജെക്കിനക്കട്ടി (23), റഹാൻ ഹുസൈൻ (19), സാദിഖ് ബാബുസാബ് അഗസിമണി (29), ശുഐബ് മുല്ല (19) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഈ മാസം എട്ടിനാണ് യുവതിക്ക് നേരെ അതിക്രമം നടന്നത്.
യുവതിയെയും ഒപ്പമുണ്ടായിരുന്നയാളെയും ലോഡ്ജ് മുറിയിൽ ആക്രമിച്ചവർ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിനെത്തുടർന്ന് രണ്ട് ദിവസം കഴിഞ്ഞാണ് പൊലീസ് സദാചാര ഗുണ്ടായിസത്തിന് കേസ് രജിസ്റ്റർ ചെയ്തത്.
സംഭവദിവസം ഉച്ചക്ക് ഒന്നോടെ 40കാരനായ കർണാടക ആർ.ടി.സി ബസ് ഡ്രൈവറും 26കാരി ഭർതൃമതിയായ മുസ്ലിം യുവതിയും ലോഡ്ജിൽ മുറിയെടുത്തതാണ് അക്രമങ്ങളിലേക്ക് നയിച്ചത്. ഇരുവരും ഓട്ടോയിൽ വന്നിറങ്ങുന്നത് ചിലർ ശ്രദ്ധിച്ചിരുന്നു.
തിലകക്കുറിയണിഞ്ഞ ഡ്രൈവർക്കൊപ്പം പർദ്ദധാരിയെ കണ്ടതോടെ സന്ദേശങ്ങൾ കൈമാറി. ബൈക്കുകളിൽ എത്തിയ സംഘം ഡ്രൈവറും യുവതിയും തങ്ങിയ മുറിയുടെ വാതിലിൽ മുട്ടിയത് മുതലുള്ള രംഗങ്ങൾ അക്രമികൾ വിഡിയോയിൽ പകർത്തി. വാതിൽ തുറന്നയുടൻ തെറിവിളിയും അക്രമവും തുടങ്ങി.
ഈ വിഡിയോ അക്രമികൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഈ മാസം 11ന് മജിസ്ട്രേറ്റ് മുമ്പാകെ രേഖപ്പെടുത്തിയ രഹസ്യ മൊഴിയിലാണ് യുവതി കൂട്ടബലാത്സംഗം സംബന്ധിച്ച വിവരങ്ങൾ നൽകിയത്.
ലോഡ്ജിൽനിന്ന് ബൈക്കിൽ കയറ്റിയ തന്നെ വനമേഖലയിൽ കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് മൊഴി. ഇതേത്തുടർന്ന് പൊലീസ് 376 ഡി (കൂട്ട ബലാത്സംഗം) പ്രകാരം കേസെടുക്കുകയായിരുന്നു. വനിത-ശിശു ക്ഷേമ വകുപ്പിന്റെ മന്ദിരത്തിൽ കഴിയുകയാണിപ്പോൾ ഇരയായ യുവതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.