ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ സ്ഥിരജാമ്യം വേണമെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ ആവശ്യത്തെ കോടതിയിൽ ശക്തമായി എതിർത്ത് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി). ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് ജാമ്യം നീട്ടണമെന്ന് ആവശ്യപ്പെടുന്ന കെജ്രിവാൾ, ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വളരെ ഉത്സാഹത്തോടെയാണ് വേദികളിലെത്തിയതെന്നും ഇതിന് അനാരോഗ്യം തടസമായില്ലെന്നും റോസ് അവന്യൂ കോടതിയിൽ ഇ.ഡിക്കു വേണ്ടി ഹാജരായ അഡിഷനൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു ചൂണ്ടിക്കാണിച്ചു.
ഡൽഹിക്കു പുറമെ പഞ്ചാബിലും കെജ്രിവാൾ പ്രചാരണ രംഗത്ത് സജീവമാണെന്നും ഇവിടെയൊന്നും ആരോഗ്യപ്രശ്നം അദ്ദേഹത്തിന് തടസമായില്ലെന്നും എസ്.വി. രാജു പറഞ്ഞു. കെജ്രിവാളിന്‍റെ ജാമ്യാപേക്ഷയിൽ ഇ.ഡിയുടെ ഭാഗം വ്യക്തമാക്കാൻ നിർദേശിച്ച സ്പെഷൽ ജഡ്ജ് കാവേരി ബജ്‌വ തുടർവാദം ശനിയാഴ്ചത്തേക്ക് മാറ്റി. പെറ്റ് സ്കാൻ ഉൾപ്പെടെ വിശദമായ വൈദ്യപരിശോധകൾക്കായി ഒരാഴ്ചത്തേക്ക് ജാമ്യം നീട്ടി നൽകണമെന്ന ഹരജിയിലും കോടതി ഇ.ഡിയുടെ വിശദീകരണം തേടിയിട്ടുണ്ട്.
അറസ്റ്റിനെതിരെ കെജ്രിവാൾ നേരത്തേ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ഈ മാസം പത്തിന് സുപ്രീംകോടതി അദ്ദേഹത്തിന് 21 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രചാരണം നടത്താനായിരുന്നു ജാമ്യം അനുവദിച്ചത്. ജാമ്യക്കാലയളവിൽ കെജ്രിവാൾ മുഖ്യമന്ത്രിയുടെ ഔദ്യോഗിക ചുമതല നിർവഹിക്കരുതെന്നും സുപ്രീംകോടതി നിർദേശിച്ചു. ജൂൺ ഒന്ന് വരെയാണ് ഇടക്കാല ജാമ്യം. രണ്ടിന് തിഹാർ ജയിലിൽ തിരികെ എത്തണമെന്നും വ്യവസ്ഥയുണ്ട്.
ജാമ്യം നീട്ടണമെന്നാവശ്യപ്പെട്ട് കെജ്രിവാൾ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹരജി പരിഗണിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഇതോടെ വിചാരണ കോടതിയിൽ ജാമ്യഹരജി സമർപ്പിക്കുകയായിരുന്നു. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മാർച്ച് 21നാണ് കെജ്രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.