ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ 416 വോട്ടുകളാണ് അസാധുവായത്. മല്ലികാർജുൻ ഖാർഗെ 7897 വോട്ടുകൾ നേടി കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ എതിർ സ്ഥാനാർഥി ശശി തരൂർ എം.പിക്ക് നേടാനായത് 1072 വോട്ടുകളാണ്.
അസാധുവോട്ടുകളിൽ ശശി തരൂരിന്‍റെ നേരെ 'ഹൃദയ' ചിഹ്നവും അമ്പും വരച്ച ഒരു വോട്ടുണ്ടായിരുന്നെന്നാണ് പുറത്തുവരുന്ന വിവരം. തരൂർ തോൽക്കുമെന്നുറപ്പായിട്ടും അദ്ദേഹത്തിനോടുള്ള ഇഷ്ടം പ്രകടിപ്പിക്കാൻ ഏതോ പ്രതിനിധി ശ്രമിച്ചതാണെന്നാണ് വിലയിരുത്തൽ.
മറ്റൊരു അസാധു ബാലറ്റിൽ ഖാർഗെക്ക് വോട്ട് ചെയ്തയാൾ ശശി തരൂരിന് നേരെ ശരി അടയാളവുമിട്ടിട്ടുണ്ട്. അതോടെ വോട്ട് അസാധുവായി. ഇരുവരെയും ഒരുപോലെ അംഗീകരിക്കുന്ന ഒരാളാണെന്നാണ് വിലയിരുത്തൽ.
അസാധുവാക്കപ്പെട്ട നിരവധി ബാലറ്റുകളിൽ 'രാഹുൽ ഗാന്ധി' എന്ന് എഴുതിയിട്ടുണ്ട്. രാഹുൽ കോൺഗ്രസ് അധ്യക്ഷനായി വരണമെന്ന് അതിയായി ആഗ്രഹിക്കുന്നവരാകാം ഇത്തരത്തിൽ വോട്ട് രേഖപ്പെടുത്തിയത്. നേതാക്കളുടെയും സാധാരണ പ്രവർത്തകരുടെയുമെല്ലാം ആഗ്രഹം രാഹുൽ ഗാന്ധി അധ്യക്ഷനാകണമെന്നായിരുന്നെങ്കിലും, അദ്ദേഹം വിസമ്മതിച്ചതോടെയാണ് പാർട്ടിയെ നയിക്കാൻ നെഹ്റു കുടുംബത്തിന് പുറത്തുനിന്ന് ഒരാളെ തേടേണ്ടിവന്നത്.
വലിയ ഭൂരിപക്ഷത്തിനാണ് പരാജയമെങ്കിലും, ദേശീയ നേതൃത്വത്തിന്‍റെ ആശീർവാദത്തോടെ മത്സരിച്ച ഖാർഗെക്കെതിരെ 12 ശതമാനം വോട്ടുകൾ സമാഹരിക്കാനായി എന്നതാണ് തരൂർ ക്യാമ്പിന് നൽകുന്ന ആശ്വാസം. ഝാർഖണ്ഡ്, ജമ്മു കശ്മീർ, കേരളം, യു.പി എന്നിവിടങ്ങളിൽ നിന്നാണ് തങ്ങൾക്ക് കൂടുതൽ വോട്ടുകൾ ലഭിച്ചതെന്ന് തരൂരിനെ അനുകൂലിക്കുന്ന നേതാക്കൾ അവകാശപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.