ന്യൂഡൽഹി: ഒമ്പതു സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗം അനുഭവപ്പെടുമെന്ന മുന്നറിയിപ്പുമായി കലാവസ്ഥാ വകുപ്പ്. ഈ സംസ്ഥാനങ്ങളിൽ ചൂട് 45 ഡിഗ്രിയിൽ എത്തുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
പശ്ചിമ ബംഗാൾ, ബിഹാർ, ആന്ധ്രാപ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലാണ് അപകടകരമായ തോതിൽ ഉയർന്ന ചൂട് അനുഭവപ്പെടുക. ഇവിടങ്ങളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. കൂടാതെ സിക്കിം, ജാർഖണ്ഡ്, ഒഡീഷ, ഉത്തർപ്രദേശ് എന്നീ നാല് സംസ്ഥാനങ്ങളിലും ഉഷ്ണതരംഗം ഉണ്ടാകാൻ സാധ്യതയുണ്ട്. ഹരിയാനയിലും പഞ്ചാബിലും ഇന്നലെ ഉഷ്ണ തരംഗത്തിന് സമാന സാഹചര്യമായിരുന്നു. ഇന്നും ഇത് തുടരും.
എന്നാൽ പടിഞ്ഞാറൻ ന്യൂന മർദ്ദം കാരണം ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിൽ മഴക്കു സാധ്യതയുണ്ടെന്നും ഐ.എം.ഡി അറിയിച്ചു.
ഉഷ്ണതരംഗത്തിൽ, ദീർഘനേരം സൂര്യപ്രകാശം ഏൽക്കുന്നവരോ ഭാരിച്ച ജോലികൾ ചെയ്യുന്നവരോ ആയ ആളുകളിൽ ഉഷ്ണരോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത പൊതുപരിപാടിക്കിടെ നിരവധി പേർക്ക് സൂര്യാതപമേൽക്കുകയും 13 പേർ മരിക്കുകയും ചെയ്തിരുന്നു. അന്ന് 42 ഡിഗ്രി ചൂടായിരുന്നു മഹാരാഷ്ട്രയിൽ രേഖപ്പെടുത്തിയത്.
കഠിനമായ ചൂടിൽ കുട്ടികൾ, രോഗികൾ, വൃദ്ധർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം. ഇവർ ദാഹമില്ലെങ്കിലും വെള്ളം ധാരാളം കുടിക്കണമെന്നും ഐ.എം.ഡി ശുപാർശ ചെയ്തിട്ടുണ്ട്.
സമതലങ്ങളിൽ ചൂട് പരമാവധി 40 ഡിഗ്രി സെൽഷ്യസിനു മുകളിലായിരിക്കുമ്പോളാണ് ഉഷ്ണതരംഗമായി പരിഗണിക്കുന്നത്. തീരപ്രദേശങ്ങളിൽ 37 ഡിഗ്രി സെൽഷ്യസിലും മലയോര മേഖലകളിൽ 30 ഡിഗ്രി സെൽഷ്യസിലും കൂടുതൽ ചൂടും (ശരാശരി പരമാവധിയേക്കാൾ 4.5 നും 6.4 ഡിഗ്രി സെൽഷ്യസിനും ഇടയിൽ കൂടുന്ന അവസ്ഥ). ഈ അവസ്ഥകൾ തുടർച്ചയായി രണ്ട് ദിവസം തുടരുകയാണെങ്കിൽ, രണ്ടാം ദിവസം ഉഷ്ണതരംഗമായി പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.