ലഖ്നോ: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ സന്ദർശനവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണത്തിൽപെട്ട് ആശുപത്രിയിൽ എത്താൻ കഴിയാതെ അസുഖ ബാധിതയായ 50കാരി മരണപ്പെട്ടു. ഇന്ത്യൻ അസോസിയേഷൻ ഓഫ് ഇൻഡസ്ട്രീസിന്‍റെ കാൺപൂർ ചാപ്റ്റർ വനിതാ വിഭാഗത്തിന്‍റെ മേധാവിയായ വന്ദന മിശ്രയാണ് മരിച്ചത്. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം.
ശാരീരികാസ്വാസ്ഥ്യം ഗുരുതരമായതോടെ വന്ദന മിശ്രയെ അവരുടെ കുടുംബം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനായി കൊണ്ടുപോവുകയായിരുന്നു. എന്നാൽ രാംനാഥ് കോവിന്ദിന്‍റെ സന്ദർശനം പ്രമാണിച്ച് അവർ യാത്ര ചെയ്ത റൂട്ടിൽ ഏറെ നേരം ഗതാഗത നിയന്ത്രണം വന്നതോടെ പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കാൻ സാധിക്കാതെ വരികയും ആശുപത്രിയിൽ എത്തിച്ചപ്പോഴേക്ക് മരണം സംഭവിക്കുകയുമായിരുന്നു. ഇയടുത്ത കാലത്താണ് വന്ദന മിശ്ര കോവിഡിൽ നിന്ന് മുക്തയായത്.
സംഭവത്തിൽ ക്ഷമാപണവുമായി കാൺപൂർ പൊലീസ് മേധാവി രംഗത്തെത്തി. ട്വിറ്ററിലാണ് അദ്ദേഹം ക്ഷമാപണം നടത്തിയത്.
''വന്ദന മിശ്രയുടെ മരണത്തിൽ കാൺപൂർ പൊലീസിന്‍റെ പേരിലും സ്വന്തം പേരിലും ഞാൻ ക്ഷമാപണം നടത്തുകയാണ്. ഇത് ഭാവിയിലേക്കുള്ള ഒരു വലിയ പാഠമാണ്. ഞങ്ങളുടെ 'റൂട്ട്' സമ്പ്രദായം പൗരന്മാരെ ഏറ്റവും കുറഞ്ഞ സമയത്തേക്ക് നിയന്ത്രിക്കുന്ന തരത്തിലായിരിക്കുമെന്ന് ഞങ്ങൾ ഉറപ്പ് നൽകുന്നു. അതിനാൽ ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ല.'' -കാൺപൂർ പോലീസ് മേധാവി അസിം അരുൺ ട്വീറ്റ് ചെയ്തു.
വന്ദന മിശ്രയുടെ മരണം രാഷ്ട്രപതിയെ അസ്വസ്ഥനാക്കിയിട്ടുണ്ടെന്നും മറ്റൊരു ട്വീറ്റിൽ അദ്ദേഹം വ്യക്തമാക്കി.
''അദ്ദേഹം (രാഷ്ട്രപതി) പൊലീസ് കമ്മീഷണറെയും ജില്ലാ മജിസ്‌ട്രേറ്റിനെയും വിളിച്ച് സംഭവത്തെക്കുറിച്ച് അന്വേഷിച്ചു. കുടുംബത്തോട് വ്യക്തിപരമായി അനുശോചനം അറിയിക്കാൻ അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്" പൊലീസ് പറഞ്ഞു.
സംഭവത്തെ കുറിച്ച് അന്വേഷണം നടത്താൻ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു സബ് ഇൻസ്പെക്ടറെയും മൂന്ന് കോൺസ്റ്റബിൾമാരെയും സസ്പെൻഡ് ചെയ്യുകയും ചെയ്തു.
രാഷ്ട്രപതി മൂന്ന് ദിവസത്തെ യുപി സന്ദർശനത്തിലാണ്. അതിനിടെ അദ്ദേഹം അയൽരാജ്യമായ കാൺപൂർ ദേഹാത്ത് ജില്ലയിലുള്ള സ്വന്തം ഗ്രാമവും സന്ദർശിക്കും. ശനിയാഴ്ച രാത്രി ട്രെയിനിൽ കാൺപൂരിലെത്തിയ അദ്ദേഹം തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ലഖ്‌നോവിൽ ചെലവഴിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.