ന്യൂഡൽഹി: കോവിഡ് ബാധിതരെ സഹായിക്കാൻ ഗൗതം ഗംഭീർ ഫൗണ്ടേഷന് ഒരു കോടി രൂപ സംഭാവന നൽകി ബോളിവുഡ് നടൻ അക്ഷയ്കുമാർ. ട്വിറ്ററിലൂടെ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ഡൽഹിയിൽ നിന്നുള്ള ബി.ജെ.പി എം.പിയുമായ ഗംഭീർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
'അന്ധകാരത്തിന്‍റെ ഈ സമയത്ത് വരുന്ന എല്ലാ സഹായങ്ങളും പ്രതീക്ഷയുടെ ഒരു കിരണമാണ്. അശരണർക്ക് ഭക്ഷണവും മരുന്നും ഓക്സിജനും എത്തിക്കാൻ ഗൗതം ഗംഭീർ ഫൗണ്ടേഷന് ഒരു കോടി രൂപ നൽകിയ അക്ഷയ് കുമാറിന് ഒരുപാട് നന്ദി. ദൈവം അനുഗ്രഹിക്കട്ടെ' -ഗംഭീർ ട്വീറ്റ് ചെയ്തു.
'ഇത് ശരിക്കും ദുഷ്‌കരമായ സമയമാണ് ഗൗതം ഗംഭീർ. സഹായിക്കാൻ സാധിച്ചതിൽ എനിക്ക് അതിയായ സന്തോഷം തോന്നുന്നു. നാമെല്ലാവരും ഉടൻ തന്നെ ഈ പ്രതിസന്ധിയിൽ നിന്ന് കരകയറുമെന്ന് പ്രത്യാശിക്കുന്നു. സുരക്ഷിതമായി ഇരിക്കുക' -ഗംഭീറിന്‍റെ ട്വീറ്റിന് അക്ഷയ് മറുപടി എഴുതി.
അടുത്തിടെ കോവിഡ് ബാധിതനായ അക്ഷയ് കുമാർ മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗമുക്തി നേടിയ അദ്ദേഹം ഇപ്പോൾ സ്വവസതിയിൽ ക്വാറന്‍റീനിൽ കഴിയുകയാണ്.
കഴിഞ്ഞ വർഷം മഹാമാരിയുടെ തുടക്കത്തിൽ പി.എം കെയേഴ്സ് ഫണ്ടിലേക്ക് 25 കോടി രൂപ സംഭാവന നൽകിയിരുന്നു. ഇതോടൊപ്പം മുംബൈ പൊലീസ് ഫൗണ്ടേഷനും രണ്ടുകോടി രൂപ സഹായമായി നൽകി. പ്രളയത്തിന്‍റെ സമയത്ത് അസം മുഖ്യമന്ത്രിയുെട ദുരിതാശ്വസ നിധിയിലേക്ക് അക്ഷയ് കുമാർ ഒരുകോടി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.