കശ്മീരിലെ ദുരുപയോഗം ചെയ്യപ്പെടുന്ന ക്ഷേത്രഭൂമികൾ സർക്കാർ ഏറ്റെടുക്കണമെന്ന് ജമ്മു കശ്മീർ ഹൈകോടതി

ശ്രീനഗർ: കശ്‌മീരിലെ ചില ക്ഷേത്രങ്ങളുടെ നിയന്ത്രണം സർക്കാർ ഏറ്റെടുക്കണമെന്ന് ജമ്മു കശ്‌മീർ ഹൈകോടതി. ക്ഷേത്രത്തിന്റെ സ്വത്തുക്കൾ ക്ഷേത്ര പുരോഹിതൻമാരും സന്ന്യാസികളും പ്രദേശവാസികളും ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് കോടതി ഉത്തരവ്. ശ്രീനഗർ ഡെപ്യൂട്ടി കമ്മീഷണറോടാണ് ക്ഷേത്രങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാൻ കോടതി ഉത്തരവിട്ടിരിക്കുന്നത്.

ശ്രീനഗറിലെ ബർസുള്ളയിലെ ചരിത്ര പ്രസിദ്ധമായ രഘുനാഥ് ജി ക്ഷേത്രം ഏറ്റെടുക്കാൻ കോടതി ശ്രീനഗർ ഭരണകൂടത്തോട് ഉത്തരവിട്ടു. ക്ഷേത്രത്തിന് ചുറ്റും 19.87 ഏക്കർ ഭൂമിയുണ്ട്. ഈ ഭൂമിയുടെ ഒരു ഭാഗം മുൻ കശ്‌മീർ ബാർ അസോസിയേഷൻ പ്രസിഡന്‍റ് മിയാൻ ഖയൂമിന്‍റെയും, സഹോദരങ്ങളുടേയും കൈവശമാണെന്നാണ് റിപ്പോർട്ട്.

ജസ്‌റ്റിസുമാരായ സഞ്ജീവ് കുമാർ, എംഎ ചൗധരി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്. ഇതുമായി ബന്ധപ്പെട്ട ഹരജി തീർപ്പാക്കുന്നതിനിടെ, ക്ഷേത്രങ്ങളുടെ ദൈനംദിന ആചാരങ്ങൾക്കും മൊത്തത്തിലുള്ള നടത്തിപ്പിനും മേൽനോട്ടം വഹിക്കാൻ റവന്യൂ, മറ്റ് ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ സമിതി രൂപീകരിക്കാൻ ഡെപ്യൂട്ടി കമ്മീഷണറെ ചുമതലപ്പെടുത്തി. ഈ ക്ഷേത്രങ്ങളുടെ സ്വത്ത് ദൈവത്തിന്‍റേതാണെന്നും അവയുടെ മേൽ ഉടമസ്ഥാവകാശമോ ഭരണാവകാശമോ ഒരു വ്യക്തിക്കും ഇല്ലെന്നും കോടതി വ്യക്തമാക്കി.

തീവ്രവാദം വർധിച്ച കാലഘട്ടത്തിൽ, ഭാരവാഹികൾ ക്ഷേത്രങ്ങൾ ഉപേക്ഷിച്ചപ്പോൾ ക്ഷേത്ര സ്വത്തുക്കളിൽ വ്യാപകമായ കൈയേറ്റം നടന്നതായി കോടതി കണ്ടെത്തി. ക്ഷേത്ര സ്വത്തുക്കൾ അനധികൃതമായി വിറ്റതിലും പാട്ടത്തിന് കൊടുത്തതിലും കോടതി ആശങ്ക പ്രകടിപ്പിച്ചു. സ്വയം പ്രഖ്യാപിത പുരോഹിതൻമാരും സന്ന്യാസികളും ഉൾപ്പെടെയുള്ളവർ അവരുടെ താൽപ്പര്യങ്ങൾക്കനുസരിച്ച് സാഹചര്യം മുതലെടുത്തുവെന്നും, അത് പലപ്പോഴും പ്രദേശവാസികളുടെ ഒത്താശയോടെയാണെന്നും കോടതി നിരീക്ഷിച്ചു.

ഡെപ്യൂട്ടി കമ്മീഷണറോ നിയുക്ത സമിതിയോ ക്ഷേത്രഭൂമിയുടെ അതിർത്തി നിർണയിക്കണമെന്നും റവന്യൂ രേഖകളിൽ അനധികൃതമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് തിരുത്തണമെന്നും ഹൈകോടതി നിർദേശിച്ചു. കേന്ദ്രഭരണ പ്രദേശമായ ജമ്മു & കശ്‌മീരിലെ മത, ചാരിറ്റബിൾ സ്ഥാപനങ്ങളുടെ നടത്തിപ്പിനായി സർക്കാർ ഉചിതമായ നിയമനിർമ്മാണം അവതരിപ്പിക്കുന്നതുവരെ ഈ താൽക്കാലിക ക്രമീകരണം നിലനിൽക്കണമെന്നും കോടതി വ്യക്തമാക്കി.

Tags:    
News Summary - High Court Orders Seizure of Temple Lands in Kashmir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.